ശതാബ്ദി ശോഭയിൽ എറണാകുളം സെന്റ് തെരേസാസ്
1600290
Friday, October 17, 2025 4:40 AM IST
കൊച്ചി: പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിലും വനിതാ ശാക്തീകരണത്തിലും തിളക്കമാർന്ന അധ്യായങ്ങളെഴുതിയ എറണാകുളം സെന്റ് തെരേസാസ് കോളജിന് നൂറു വയസ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവടയാളങ്ങളേറെയുള്ള കോളജിന്റെ ശതാബ്ദി സമ്മേളനം 24നു നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ആഘോഷങ്ങളിൽ മുഖ്യാതിഥി.
കോളജിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12നു നടക്കുന്ന പരിപാടിയിൽ ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. സ്ത്രീശാക്തീകരണത്തിനായി കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്യാസിനി സമൂഹം 1925ലാണ് സെന്റ് തെരേസാസ് കോളജ് സ്ഥാപിച്ചത്. പഴയ കൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ കലാലയമാണിത്. തുടക്കത്തിൽ 41 വിദ്യാർഥിനികളാണുണ്ടായിരുന്നത്. ഇന്ന് ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിൽ 25 ഡിപ്പാർട്ട്മെന്റുകളും 4,263 വിദ്യാർഥിനികളുമുണ്ട്.
2014ൽ സ്വയംഭരണ പദവി നേടിയ കോളജിന് ദേശീയ തലത്തിൽ നാക് അക്രഡിറ്റേഷനിൽ എപ്ലസ്പ്ലസ് ഗ്രേഡും എൻഐആർഎഫ് റാങ്കിംഗിൽ രാജ്യത്തെ കോളജുകളിൽ 60 -ാം സ്ഥാനവുമുണ്ട്.
ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കുന്നുവെന്നത് കോളജിനുള്ള ഏറ്റവും വലിയ ആദരവാണെന്ന് ഡയറക്ടർ സിസ്റ്റർ ടെസ പത്ര സമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസത്തിനായി ഒരു നൂറ്റാണ്ട് മുൻപ് കോളജിന്റെ സ്ഥാപകയായ ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കും ത്യാഗങ്ങൾക്കുള്ള ദേശീയമായ അംഗീകാരം കൂടിയാണെന്നും അവർ പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എൻ. വാസവൻ, വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, സിഎസ്എസ്ടി സുപ്പീരിയർ ജനറൽ സിസ്റ്റർ ജോസ് ലിനറ്റ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ നീലിമ തുടങ്ങിയവർ ശതാബ്ദി സമ്മേളനത്തിൽ പ്രസംഗിക്കും.
സയൻസ് ബ്ലോക്ക് ഡയറക്ടർ സിസ്റ്റർ ഫ്രാൻസിസ് ആൻ, ലോക്കൽ മാനേജർ സിസ്റ്റർ ശിൽപ, പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, ജനറൽ കൺവീനർ ഡോ. എം. സജിമോൾ അഗസ്റ്റിൻ, സമ്മേളനത്തിന്റെ കോ ഓർഡിനേറ്റർ പ്രഫ. ആർ. ലതാ നായർ, ഡീൻമാരായ പ്രഫ. നിർമല പത്മനാഭൻ, പ്രഫ. എം.എസ്. കല എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രമുഖർ പൂർവവിദ്യാർഥിനികൾ
സ്വാതന്ത്ര്യ സമരസേനാനി അക്കാമ്മ ചെറിയാൻ, കെ.ആർ. ഗൗരിയമ്മ, മേഴ്സി രവി, ജമീല പ്രകാശം, ജസ്റ്റീസ് അനു ശിവരാമൻ, നടിമാരായ റാണി ചന്ദ്ര, സംയുക്ത വർമ, ദിവ്യ ഉണ്ണി, സംവൃത സുനിൽ, അമല പോൾ, അസിൻ തൊട്ടുങ്കൽ, ഗായിക സുജാത മോഹൻ, രഞ്ജിനി ജോസ്, വൈക്കം വിജയലക്ഷ്മി, എഴുത്തുകാരി ജയശ്രീ മിശ്ര, വിജയലക്ഷ്മി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, കലാ, കായിക രംഗങ്ങളിൽ പ്രമുഖർ സെന്റ് തെരേസാസിലെ പൂർവ വിദ്യാർഥിനികളുടെ പട്ടികയിലുണ്ട്.