അണഞ്ഞത് ബെത്ലഹേമിന്റെ സ്നേഹദീപം
1600831
Sunday, October 19, 2025 4:30 AM IST
പെരുമ്പാവൂർ: അശരണർക്ക് കൈത്താങ്ങായിരുന്ന കൂവപ്പടി ബെത്ലഹേമിന്റെ മേരി ചേച്ചി വിടവാങ്ങി. ജീവിതത്തിൽ തഴയപ്പെട്ട ആയിരങ്ങൾക്ക് അത്താണിയും അഭയവുമായിത്തീർന്ന ബെത്ലഹേം അഭയഭവന്റെ എല്ലാമെല്ലാമായ മേരി എസ്തപ്പാന്റെ വിയോഗം തീർത്ത ശൂന്യത നികത്താനാവാത്തതാണ്.
ആരോരുമില്ലാത്ത മാനസികാസ്വസ്ഥ്യമുള്ള അനേകർക്ക് അമ്മയായിരുന്നു മേരി എസ്തപ്പാൻ. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടു മാസം മുമ്പ് അഭയഭവന്റെ ഒരാവശ്യവുമായി തിരുവനന്തപുരത്തേക്ക് പോകും വഴി അടൂരിലുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്ക് പറ്റി അടൂരിലും തുടർന്ന് എറണാകുളത്തും ചികിത്സയിലായിരുന്നു.
കൂവപ്പടി ഗ്രാമത്തിൽ മൂന്ന് മക്കളുടെ മാതാവായി വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന മേരി എസ്തപ്പാൻ ഒരു നിയോഗം പോലെ, തെരുവിൽ തള്ളപ്പെട്ടിരുന്ന രോഗിയായ ഒരു എൺപത് വയസുകാരന് ഭക്ഷണം വാങ്ങിക്കൊടുത്ത് വീട്ടിലേക്ക് കൊണ്ടുവന്ന് തുടങ്ങിയ കാരുണ്യ പ്രവർത്തിയാണ് ഇന്ന് അഞ്ഞൂറോളം അശരണരെ സംരക്ഷിക്കുന്ന പ്രസ്ഥാനമായി വളർന്നത്.
മേരി എസ്തപ്പാൻ ജീവകാരുണ്യ രംഗത്ത് മാതൃക: ബാബു ജോസഫ്
പെരുമ്പാവൂർ: നിരാലംബരായ ആയിരക്കണക്കിന് അഗതികൾക്ക് അഭയമൊരുക്കിയ കൂവപ്പടി ബെത്ലേഹം അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക മേരി എസ്തപ്പാന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറിയും അഭയഭവൻ ഡയറക്ടറുമായ ബാബു ജോസഫ് അനുശോചിച്ചു.
ജീവകാരുണ്യ പ്രവർത്തങ്ങളിൽ കേരളത്തിന് മുഴുവൻ മാതൃകയായ വനിതയെയാണ് നഷ്ടമായത്. അഭയഭവനിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനേകരുടെ നല്ല ജീവിതങ്ങൾ മേരി എസ്തപ്പാന്റെ സേവനസപര്യയുടെ സാക്ഷ്യങ്ങളാണെന്നും ബാബു ജോസഫ് അനുസ്മരിച്ചു.