ആലുവയിൽ പൈപ്പിടുന്നതിനു മുൻപ് ടാറിംഗ്; വകുപ്പുകൾ തമ്മിൽ പോര്
1600830
Sunday, October 19, 2025 4:30 AM IST
റോഡുകൾ ടാർ ചെയ്തതോടെ കുടിവെള്ള പൈപ്പ് മാറ്റാനാകാതെ വാട്ടർ അഥോറിറ്റി
ആലുവ: മുന്നറിയിപ്പില്ലാതെ ആലുവയിലെ പ്രധാന റോഡുകൾ ഏതാനും രാത്രികൾ കൊണ്ട് പൊതുമരാമത്ത് വകുപ്പ് ടാറിംഗ് നടത്തിയത് വാട്ടർ അഥോറിറ്റിയെ വെട്ടിലാക്കി. കുടിവെള്ള പൈപ്പുകൾ മാറ്റുന്നതിനായി അനുവദിച്ച 3.57 കോടി രൂപയുടെ പദ്ധതി ഇതോടെ വെള്ളത്തിലായി.
ആലുവ നഗരത്തിലെ കാലപ്പഴക്കം ചെന്ന ഭൂഗർഭ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കേണ്ട പദ്ധതിയാണ് ഇതോടെ നിർത്തിവയ്ക്കേണ്ടി വന്നിരിക്കുന്നത്. ഇതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പുതിയ പൈപ്പുകൾ ഇറക്കുകയും ചെയ്തു. ടെണ്ടർ പൂർത്തിയായതിനാൽ റോഡ് കുഴിക്കുന്നതിന് വാട്ടർ അഥോറിട്ടി അനുമതി നൽകിയത് പരിഗണിക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റോഡ് ടാറിംഗ് നടത്തിയത്.
നഗരത്തിലെ ബാങ്ക് ജംഗ്ഷൻ, ബൈപാസ് ജംഗ്ഷൻ മേഖലകളിൽ ഏതാനും മാസമായി കുടിവെള്ളം കിട്ടുന്നില്ല. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതി - 2 പ്രകാരം തീർക്കേണ്ട ജോലിയാണിത്. 10 ദിവസത്തിനകം പൂർത്തിയാക്കാമെന്ന് അറിയിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചില്ലെന്നാണ് വാട്ടർ അഥോറിട്ടി അധികൃതർ ആരോപിക്കുന്നത്. ഇനി റോഡ് കുത്തിപ്പൊളിച്ചാൽ സോഷ്യൽ മീഡിയയിലൂടെ ട്രോൾ വരുമെന്ന പ്രശ്നവും ഉദ്യോഗസ്ഥരെ അലട്ടുന്നുണ്ട്.
അതേസമയം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ടാറിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരൻ വിട്ടുപോകുമെന്നും അതിനാലാണ് നഗരത്തിലെ 11 റോഡുകൾ അഞ്ച് കോടി രൂപ മുടക്കി ടാർ ചെയ്തതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്.
പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ വാട്ടർ അഥോറിട്ടിക്ക് പൈപ്പ് ഇടാൻ അനുമതി നൽകിയിട്ട് മാസങ്ങളെടുത്താണ് പൂർത്തിയാക്കിയത്. റോഡ് ടാറിംഗ് വൈകിയതിന് കോടതിയിൽ മറുപടി പറയേണ്ടിവന്നത് പൊതുമരാമത്ത് വകുപ്പ് ആയിരുന്നു. ഇതിൽ വകുപ്പുകൾ തമ്മിൽ ഉണ്ടായ പോരാണ് പുതിയ സംഭവ വികാസത്തിനു പിന്നിലെന്നാണ് സൂചന.
ആലുവ നഗരത്തിലെ പമ്പ് കവല - ആർ.എസ് റോഡ്, പമ്പ് കവല - മാർവർ കവല, ബാങ്ക് കവല - മുനിസിപ്പൽ സ്റ്റാൻഡ്, ആർഎസ് - സീനത്ത് കവല റോഡുകളിൽ ഡിഐ പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. പൈപ്പുകൾ മാറ്റിയില്ലെങ്കിൽ ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുന്പോൾ പുതിയ റോഡ് തകരുമെന്ന് വാട്ടർ അഥോറിറ്റി മുന്നറിയിപ്പു നൽകി.