സംസ്ഥാന സ്കൂള്‍ കായികമേള : സ്വര്‍ണക്കപ്പിന് ജില്ലയില്‍ ഉജ്വല സ്വീകരണം
1600849
Sunday, October 19, 2025 4:45 AM IST
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നല്കുന്ന സ്വര്‍ണക്കപ്പിന് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) ജില്ലയില്‍ ആവേശോജ്വലമായ സ്വീകരണം. രാവിലെ ഒമ്പതിന് ആലുവ വിദ്യാധിരാജ സ്കൂളില്‍ എത്തിച്ച സ്വര്‍ണക്കപ്പ് വിദ്യാര്‍ഥികളുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെ അന്‍വര്‍ സാദത്ത് എംഎല്‍എ സ്വീകരിച്ചു. തുടര്‍ന്ന് കളമശേരി വൊക്കേഷണല്‍ ഹയ ര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിയ ട്രോഫി പര്യടനയാത്ര വിദ്യാര്‍ഥികള്‍ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.
എറണാകുളം സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയ ട്രോഫി പര്യടനത്തിന് ടി.ജെ. വിനോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തൃപ്പൂണിത്തുറ സെന്റ് ജോസഫ് യുപി സ്കൂളില്‍ എത്തിയ പര്യടനം തൈക്കൂടം സെന്റ് അഗസ്റ്റിന് യുപി സ്കൂളിലെ വിദ്യാര്‍ഥികളുടെ സ്കേറ്റിംഗിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയ സ്വർണക്കപ്പിന് പി.വി. ശ്രീനിജന് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്വീകരണത്തോടെ സ്വര്‍ണക്കപ്പും വഹിച്ചുള്ള വിളംബര ഘോഷയാത്രയുടെ ജില്ലയിലെ പര്യടനം അവസാനിച്ചു.
അടുത്തദിവസം കോട്ടയം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്കൂളുകളിലൂടെ കടന്നുപോകുന്ന പര്യടനം 21ന് വേദിയായ തിരുവനന്തപുരത്ത് എത്തും. വിവിധ ഇടങ്ങളിലായി നടന്ന സ്വീകരണ പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന് പോള്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ എം.എ. ഷീല തുടങ്ങിയവര്‍ പങ്കാളികളായി.
photo:
സംസ്ഥാന സ്കൂള്‍ കായികമേള സ്വര്‍ണക്കപ്പിന് ആലുവ വിദ്യാധിരാജ സ്കൂളില്‍ നല്കിയ സ്വീകരണത്തില്‍ ലഹരിക്കെതിരെ ബോധവത്കരണം നല്‍കുന്നതിനായി അവതരിപ്പിച്ച കാക്കാരിശി നാടകത്തില്‍ നിന്ന്