കാലടിയിൽ 22 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
1508256
Saturday, January 25, 2025 4:22 AM IST
കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ 2025-26 വാർഷിക പദ്ധതിയിൽ 22 കോടി രൂപയുടെ പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതികൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്.
പശ്ചാത്തല മേഖലയിൽ റോഡുകൾക്കും മറ്റുമായി നാലു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഭവന പദ്ധതിക്കായി 58,14,000 രൂപയും വനിതാ ശിശു വികസന പദ്ധതികൾക്കായി 24,67,096 രൂപയുടെ പദ്ധതികളും ഭിന്നശേഷി വിഭാഗത്തിനായി 12,50,000 രൂപയുടെ പദ്ധതികളും നീക്കി വെച്ചിട്ടുണ്ട്. ഉത്പാദന മേഖലയിൽ 11,27,8160 രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്.
സേവന മേഖലയിൽ 9,73,23,617 രൂപയുടെ പദ്ധതികളും പശ്ചാത്തല മേഖലയിൽ 10,27,16,787 രൂപയുടെ പദ്ധതികളും ആണ് ഏറ്റെടുത്തിട്ടുള്ളത്. റോഡ് ഗ്രാന്റിനത്തിൽ മൂന്നു കോടിയിൽ പരം രൂപയും പൊതുവിഭാഗം വികസന ഫണ്ട് 2,19,95,186 രൂപയും ധനകാര്യ കമ്മീഷൻ അവാർഡ് ഒരുകോടി 69 ലക്ഷത്തി 69,741 രൂപയും പട്ടികജാതി വികസന ഫണ്ട് 70,74,814 രൂപയും തനത് ഫണ്ട് ഇനത്തിൽ മൂന്നു കോടി രൂപയും മറ്റു വായ്പ ഇനത്തിലുള്ള പദ്ധതികളുമാണ് ഏറ്റെടുത്തിട്ടുള്ളത്.
വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി വർഗീസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ചാക്കോ പദ്ധതി രേഖ അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജു കല്ലുങ്ങൽ,
പഞ്ചായത്ത് അംഗങ്ങളായ അംബിക ബാലകൃഷ്ണൻ, ബിനോയ് കൂരൻ, പി.കെ. കുഞ്ഞപ്പൻ, കെ.ടി. എൽദോസ്, ശാന്ത ബിനു, ഷിജ സെബാസ്റ്റ്യൻ, അബിളി ശ്രീകുമാർ, ഷാനിത നൗഷാദ്, പി.ബി. സജീവ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ജോയ് പോൾ, സെക്രട്ടറി പി.എസ്. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.