വാഴക്കുളം കാഡ തോടിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
1508250
Saturday, January 25, 2025 4:11 AM IST
കൊച്ചി: ആലുവ വാഴക്കുളം ബി.എച്ച്. നഗര്‍ മസ്ജിദ് ഭാഗത്ത് കൃഷിക്ക് വെള്ളമെത്തിക്കുന്ന കാഡ തോടിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. തോടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതില്‍ നിന്നും ഇറിഗേഷന്‍ വകുപ്പും പഞ്ചായത്തും ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട് (പിവിഐവി) എക്സിക്യൂട്ടീവ് എന്‍ജിനീയറും പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറും സംയുക്തമായി സ്ഥലപരിശോധന നടത്തി തോടിന്റെ സംരക്ഷണം ആര്‍ക്കാണെന്ന് അന്തിമ തീരുമാനമെടുക്കണമമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറും പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും കമ്മീഷനില്‍ സമര്‍പ്പിക്കണം. മാര്‍ച്ചില്‍ കേസ് പരിഗണിക്കുമ്പോള്‍ പിവിഐവി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥനും വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.
തോട് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് സൗത്ത് വാഴക്കുളം സ്വദേശി ഇ.എസ്. സാദിഖ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി.
ഏകദേശം 14 വര്‍ഷമായി തോട് ഉപയോഗ ശൂന്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കാഡ തോടുകളുടെ സംരക്ഷണം പഞ്ചായത്തില്‍ നിക്ഷിപ്തമാണെന്ന് പിവിഐവി എക്സിക്യൂട്ടീവ് എൻജിനീയര്‍ കമ്മീഷനെ അറിയിച്ചു.