യുവജന കമ്മീഷന് അദാലത്ത് : 13 പരാതികൾ തീര്‍പ്പാക്കി
1508248
Saturday, January 25, 2025 4:11 AM IST
കൊച്ചി: കേരള സംസ്ഥാന സംസ്ഥാന യുവജന കമ്മീഷന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാ അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ തീര്‍പ്പാക്കി. 11 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി ആറു പരാതികള്‍ ലഭിച്ചു.
പാസ്പോര്‍ട്ട് കൈവശം വച്ചിരിക്കുന്ന എറണാകുളത്തെ കണ്‍സള്‍ട്ടന്‍സിക്കെതിരെ കണ്ണൂര്‍ സ്വദേശി നല്കിയ പരാതിയില്‍ പാസ്പോര്‍ട്ട് തിരികെ ലഭിക്കാനുള്ള നടപടിയായി. കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചു എന്ന നായരമ്പലം സ്വദേശി നല്കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി പോലീസ് അറിയിച്ചു.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ യുവജന കമ്മീഷന് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബിഎഡ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല, സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍,
വിദ്യാഭ്യാസ സ്ഥാപങ്ങളിലെ മാനസികപീഡനം, തൊഴില്‍തട്ടിപ്പ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ചു. യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്മീഷന് ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും കമ്മീഷന് ചെയര്മാന് എം. ഷാജര്‍ പറഞ്ഞു.
യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന ജോലി സമ്മര്‍ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മീഷന് ചെയര്മാന് എം.ഷാജറിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ അംഗങ്ങളായ അബേഷ് അലോഷ്യസ്, പി.പി. രണ്‍ദീപ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്കറിയ, അസി. പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.