കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
1508241
Saturday, January 25, 2025 4:00 AM IST
കാലടി: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മറ്റൂർ യോർദനാപുരം പൊതിയക്കര വല്ലൂരാൻ വീട്ടിൽ ആഷിക്ക് പൗലോസിനെയാണ് (24) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
കൊലപാതകം, വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2022 ജനുവരി മുതൽ ആറു മാസത്തേക്ക് ഇയാളെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ അങ്കമാലിയിലെ ഒരു ബാറിൽ വച്ച് ആഷിക്ക് മനോഹരൻ എന്നയാളെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയായതിനെ തുടർന്നാണ് നടപടി.
കാലടി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജോസി എം. ജോൺസൻ, കെ. മുഹമ്മദ് ആഷിക്, അസി. സബ് ഇൻസ്പെക്ടർ എസ്.എ.ബിജു, സിവിൽ പോലീസ് ഓഫീസർ കെ.എസ്. സനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.