ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നത് റോഡിലെന്ന് പ്രതിപക്ഷം
1507953
Friday, January 24, 2025 4:27 AM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണം റോഡിലേക്കെത്തിയെന്ന ആക്ഷേപവുമായി പ്രതിപക്ഷം. വിന്‍ഡ്രോ കംപോസ്റ്റ് പ്ലാന്റ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് സംസ്കരിക്കാന്‍ കഴിയാതെ വരുന്ന മാലിന്യങ്ങള്‍ കുന്നുകൂടി വീണ്ടും മാലിന്യമലകള്‍ രൂപപ്പെട്ട് തുടങ്ങിയെന്നും പ്ലാന്റിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ റോഡിലാണെന്ന് മാലിന്യം തള്ളിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.
ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം കോടികള്‍ മുടക്കി പ്രദേശത്ത് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം മാലിന്യ സംസ്കരണം നടത്തുകയാണെന്ന് അവകാശം ഉന്നയിക്കുമ്പോഴാണ് ഇത്തരം അനാസ്ഥ തുടരുന്നത്.
ഒരു ടണ്‍ മാലിന്യം സംസ്കരിക്കുന്നതിന് 452 രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ടണ്‍ മാലിന്യം സംസ്കരിക്കുന്നതിന് 2500 രൂപയാണ് ചെലവഴിക്കുന്നത്. ഒരു മാസം 46 ലക്ഷം രൂപ അധികമായി ചെലവഴിച്ചിട്ടും മാലിന്യം റോഡില്‍ തള്ളുന്ന നിലയാണെന്നും പ്രതിപക്ഷം ആരോപിച്ചു.