കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ വിജിലൻസ് പിടിയിൽ
1507945
Friday, January 24, 2025 3:52 AM IST
കാക്കനാട്: കരാറുകാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പോലീസുകാരൻ വിജിലൻസിന്റെ പിടിയിലായി. എറണാകുളം മുളവ്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനുപാണ് പിടിയിലായത്. ആലുവ ജില്ലാ ജനറൽ ആശുപത്രിയിൽ നിർമാണ കരാർ എടുത്തിട്ടുള്ള ആലുവ സ്വദേശിയായ കരാറുകാരനിൽ നിന്നും ഇന്നലെ വൈകുന്നേരം ആറോടെയാണ് ഇയാൾ 5,000 രൂപ കൈക്കൂലിയായി വാങ്ങിയത്.
പച്ചാളം ഭാഗത്തുനിന്നുള്ള കെട്ടിടാവശിഷ്ടങ്ങളുമായി കണ്ടയ്നർ റോഡുവഴി കരാറുകാരന്റെ മിനി ടിപ്പർ ലോറി പോകുന്നത് ശ്രദ്ധയിൽപ്പെട്ട അനൂപ് കരാറുകാരനെ ഫോണിൽ വിളിച്ച് ഇതുവഴി ലോഡ് കൊണ്ടുപോകുന്നതിന് 5000 രൂപ തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കരാറുകാരൻ വിവരം വിജിലൻസിനെ അറിയിച്ചു.
മുൻധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് വളപ്പിൽ എത്തി തന്റെ ഫൈവ് സീറ്റർ ഥാർ വാഹനത്തിലിരുന്നാണ് പോലീസുകാരൻ കരാറുകാരനിൽ നിന്നും 5,000 രൂപ വാങ്ങിയത്. രക്ഷപെടാൻ ശ്രമിച്ച ഇയാളെ ജില്ലാ പഞ്ചായത്തിന്റെ ഗേറ്റുകൾ പൂട്ടിയാണ് കസ്റ്റഡിയിലെടുത്തത്.