ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ: സമാപനം ഇന്ന്
1507941
Friday, January 24, 2025 3:47 AM IST
കൊച്ചി: ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പ് ഇന്നു സമാപിക്കും. രണ്ടു ദിവസമായി കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കുന്ന പരിപാടിയിൽ റിക്രിയേഷണല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ് ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 55-ലേറെ സ്ഥാപനങ്ങളാണ് ഉത്ന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നത്.
രാവിലെ 11 മുതല്‍ വൈകീട്ട് ഏഴു വരെയാണ് സന്ദര്‍ശന സമയം. മേളയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്പറേഷന് (എന്‍എസ്ഐസി) ഇന്നലെ സംഘടിപ്പിച്ച വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ (വിഡിപി) നൂറോളം എംസ്എംഇകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിവിധ ലോകരാജ്യങ്ങളില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്തവയുമായ വിവിധ തരം ബോട്ടുകള്‍, സോളാര്‍ ബോട്ടുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ആളില്ലാതെ പ്രവര്‍ത്തിക്കുന്ന പായല്‍ നിര്‍മാര്‍ജന ബോട്ടുകള്‍ തുടങ്ങിയവയാണ് മേളയിലെ പ്രധാന ആകര്‍ഷണം. അലൂമിനിയം, എച്ച്ഡിപിഇ, ഫൈബര്‍ ഗ്ലാസ്, തടി തുടങ്ങിയവയില്‍ നിര്‍മിച്ച ജലയാനങ്ങളുടെ വ്യത്യസ്ത നിര തന്നെ പ്രദര്‍ശത്തിനുണ്ട്.