പോട്ടച്ചിറ ഹരിത പാർക്ക്: അരക്കോടി രൂപ ചെലവിട്ടിട്ടും പൂർത്തിയായില്ല
1484461
Thursday, December 5, 2024 3:27 AM IST
ആലുവ : എട്ട് വർഷം മുമ്പ് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നൊച്ചിമ പോട്ടച്ചിറ കുളം ഹരിത പാർക്ക് പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിൽ. രണ്ട് ഘട്ടമായി 55 ലക്ഷം രൂപ മുടക്കി നടത്തിയ പുനരുദ്ധാരണ പ്രവർത്തങ്ങൾ അഴിമതിക്ക് കളമൊരുക്കിയെന്നാണ് ആരോപണം.
2016 ൽ അന്നത്തെ ജില്ലാ കളക്ടർ രാജമാണിക്യമാണ് പായലും കാടും നിറഞ്ഞു കിടന്നിരുന്ന എടത്തല ഗ്രാമ പഞ്ചായത്തിലെ പോട്ടച്ചിറകുളം പുനരുദ്ധരിച്ചത്. 50 ലക്ഷം രൂപ ചെലവഴിച്ച് നാല് വശവും കരിങ്കല്ല് കെട്ടിയും 100 മീറ്റർ നീളം, 90 മീറ്റർ വീതി, 2 മീറ്റർ ആഴത്തിലുമായി രണ്ട് ഭാഗത്ത് കൽപ്പടവുകളും നിർമിച്ചു.
പിന്നിട് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഹരിത പാർക്ക് വിഭാവനം ചെയ്ത് 10 ലക്ഷം രൂപ നടപ്പാതയ്ക്ക് വകയിരുത്തി. അഞ്ചു ലക്ഷം രൂപ മുടക്കി രണ്ട് വശം നടപ്പാത തീർത്തെങ്കിലും നിർമാണത്തിലെ അപാകത കാരണം ആറു മാസത്തിനുള്ളിൽ തകർന്ന് തരിപ്പണമായി. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നടപ്പാത നിർമിച്ചത്.
അതിനു ശേഷം ഇന്നേ വരെ ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന പറഞ്ഞു. രണ്ടര ഏക്കറോളം വ്സ്തൃതിയിലുള്ള ചിറ വീണ്ടും കാട് കയറി പഴയപടിയായിരിക്കുകയാണ്.സാമൂഹ്യവിരുദ്ധരുടേയും മാലിന്യനിക്ഷേപ കേന്ദ്രവുമായി മാറിയെന്നും പഞ്ചായത്ത് വളരെ ഗൗരവമായി ഇടപെണമെന്നും ബിജെപി നൊച്ചിമ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.