കരുത്തറിയിച്ച് കൊച്ചിയില്‍ നാവിക സേനയുടെ അഭ്യാസപ്രകടനം
1484453
Thursday, December 5, 2024 3:27 AM IST
കൊച്ചി : ഇന്ത്യന്‍ നാവിക സേനയുടെ കരുത്തും സന്നാഹങ്ങളും അടയാളപ്പെടുത്തി കൊച്ചിയില്‍ നാവിക സേനാ ദിനാഘോഷം. എറണാകുളം രാജേന്ദ്ര മൈതാനിക്കു സമീപം നടന്ന നേവിയുടെ ഓപ്പറേഷണല്‍ ഡെമോണ്‍സ്ട്രേഷനില്‍ സേനയുടെ കപ്പലുകള്‍, വിമാനങ്ങള്‍, മറൈന്‍ കമാന്‍ഡോകള്‍ എന്നിവ അണിനിരന്നു. 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ഓപ്പറേഷന് ട്രൈഡന്റിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന കറാച്ചി ഹാര്‍ബറില്‍ നടത്തിയ ധീരമായ ആക്രമണത്തെ അനുസ്മരിച്ചാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിച്ചത്.
സേനാ സംവിധാനങ്ങളുടെ തടസമില്ലാത്ത സമന്വയം, കൃത്യത, അസാധാരണമായ കഴിവുകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന പ്രകടങ്ങള്‍ ആകര്‍ഷകമായിരുന്നു. യുദ്ധമുഖത്തും രക്ഷാപ്രവര്ത്തനരംഗത്തും സേനയുടെ ഇടപെടലുകള്‍ പരിചയപ്പെടുത്തിയ പ്രകടങ്ങളും ഉണ്ടായിരുന്നു.
നേവിയുടെ ലോംഗ് റേഞ്ച് മാരിടൈം എയര്‍ക്രാഫ്റ്റ്, ഡോര്‍ണിയര്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍, സീക്കിംഗ് 42ബി , ചേതക്, അത്യാധുനിക മള്‍ട്ടിറോള്‍ ഹെലികോപ്റ്റര്‍ എന്നിവയും അഭ്യാസങ്ങളില്‍ പങ്കെടുത്തു. ഇതാദ്യമായി പി8ഐ എല്ആര്എംപി വിമാനം കൊച്ചിയില്‍ ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷനില്‍ പങ്കെടുത്തുവെന്ന പ്രത്യേകതയും ഇക്കുറി നാവികസേനാ ദിനാഘോഷത്തെ വേറിട്ടതാക്കി. പരിശീലന കപ്പല്‍ ഐഎന്‍എസ് സുദര്‍ശിനിയും പരിപാടിയില്‍ പങ്കെടുത്തു.