കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി
1484201
Wednesday, December 4, 2024 3:56 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി ഗ്രാമത്തിലെ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. പിണവൂർകുടി മുക്ക് ഭാഗത്ത് കൊടകപ്പാല ക്ഷേത്രത്തിന് സമീപം നിർമല രാജന്റെ റബർ തോട്ടത്തിലെ സംരക്ഷണഭിത്തിയില്ലാത്ത കിണറ്റിൽ തിങ്കളാഴ്ച രാത്രി ഒന്പതോടെയാണ് കുട്ടിയാന വീണത്.
ഏകദേശം മൂന്ന് വയസ് തോന്നിക്കുന്ന ആനക്കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കിണറിന്റെ അരിക് കൊന്പു കൊണ്ട് കുത്തിയും ചവിട്ടിയും ഇടിച്ചിട്ട് കുട്ടിയാനയെ കരകയറ്റാനുള്ള ശ്രമവും അനക്കൂട്ടം നടത്തി. രാത്രി 11.15 ഓടെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും കിണറിന്റെ സൈഡ് ഇടിച്ച് കാട്ടാനക്കുട്ടിയെ പരിക്കുകളില്ലാതെ കരക്കുകയറ്റി. കരയ്ക്കുകയറിയ ആനക്കുട്ടി ചിന്നം വിളിച്ച് സമീപത്ത് നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിനടുത്തേക്ക്
ഓടിമറഞ്ഞു.