ഹാർബർ പാലത്തിൽ വിള്ളലുകൾ, അറ്റകുറ്റപ്പണി നീളും
1484193
Wednesday, December 4, 2024 3:56 AM IST
തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി ഹാർബർ പാലത്തിലെ ടാർ നീക്കിയപ്പോൾ മുഴുവൻ വിള്ളലുകൾ. അതിനാൽ അറ്റകുറ്റപ്പണി വൈകിയേക്കുമെന്ന് സൂചന. കഴിഞ്ഞ മാസം 20 നാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചത്. പാലത്തിന്റെ മേൽ ഭാഗത്തുള്ള ടാറിംഗ് പൂർണമായും നീക്കം ചെയ്തപ്പോളാണ് കാലപ്പഴക്കം കൊണ്ട് ടാറിംഗിന് താഴെയുണ്ടായിരുന്ന കോൺക്രീറ്റിന് വിള്ളലുകൾ കണ്ടെത്തിയത്. ശാസ്ത്രീയമായി ഇതടയ്ക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
നിലവിൽ വിള്ളൽ അടയ്ക്കുന്നതിന് രാസവസ്തു മിശ്രിതം ഓർഡർ ചെയ്തിട്ടുണ്ട്. ഇത് ഗുജറാത്തിൽ നിന്നാണ് വരുന്നത്. ഇന്ന് ഈ മിശ്രിതം കൊച്ചിയിലെത്തും. രാത്രിയും പകലും വിള്ളൽ അടക്കുന്നതിനുള്ള ജോലികൾ നടക്കും, ഒരാഴ്ചകൊണ്ട് വിള്ളലുകൾ അടയ്ക്കാനാകും. അതിനു ശേഷം ബിഎംബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ എല്ലാ വാഹനങ്ങളും ബിഒടി പാലം വഴിയാണ് പോകുന്നത്. ഇവിടെ വലിയ വാഹനത്തിരക്കും ഗതാഗതക്കുരുക്കുമുണ്ട്.