"പേഴയ്ക്കാപ്പിള്ളിയിൽ പുതിയ പോലീസ് സ്റ്റേഷൻ വേണം’
1484185
Wednesday, December 4, 2024 3:30 AM IST
മൂവാറ്റുപുഴ: കോതമംഗലം, പട്ടിമറ്റം, കുറുപ്പംപടി പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് പേഴയ്ക്കാപ്പിള്ളിയിൽ പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു. ജനസംഖ്യ വർധനവും കുറ്റകൃത്യങ്ങൾ കൂടുകയും ചെയ്ത സാഹചര്യത്തിൽ പുതിയ സ്റ്റേഷൻ അത്യന്താപേക്ഷിതമാണ്. മേഖലയിലെ ഗതാഗത പ്രശ്നങ്ങളും വാഹനാപകടങ്ങളും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളുടെ വർധനവും എല്ലാം ഇതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും എംസി റോഡിന് സമീപമുണ്ട്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലയളവിൽ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി 2019ൽ ആലുവ റൂറൽ എസ്പി പോലീസ്സ്റ്റേഷന്റെ അനിവാര്യത സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. പായിപ്ര പഞ്ചായത്തിന്റെ കോന്പൗണ്ടിൽ ആവശ്യമായ സ്ഥലവും മന്ദിരവും നൽകാമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനവും എടുത്തു. പോലീസ് ഹെഡ്ക്വാർട്ടറിൽനിന്ന് ആവശ്യമായ പരിശോധനയും നടത്തി.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പായിപ്ര പഞ്ചായത്ത്, കോതമംഗലം സ്റ്റേഷനിലെ ചെറുവട്ടൂർ കവല ഉൾപ്പെടുന്ന പ്രദേശവും പട്ടിമറ്റം സ്റ്റേഷനിലെ മഴുവന്നൂർ പഞ്ചായത്തിലെ നെല്ലാട്, കുന്നക്കുരുടി ഉൾപ്പെടുന്ന ഭാഗവും കുറുപ്പംപടി സ്റ്റേഷനിലെ കീഴില്ലം, മണ്ണൂർ ഏരിയയും ഉൾപ്പെട്ട മേഖലകൾക്ക് അകത്തുള്ള പ്രദേശങ്ങളെയയും ഉൾക്കൊള്ളിച്ച് പുതിയ സ്റ്റേഷൻ വരുന്നത് ജനങ്ങൾക്ക് ആശ്വാസമാകും. സമീപ സ്റ്റേഷനുകളിലെ ജോലിഭാരം ലഘൂകരിക്കാനും ജനസേവനം കാര്യക്ഷമമാകുന്നതിനും ഇത് ഉപകരിക്കും. ആഭ്യന്തര വകുപ്പിന് അധിക സാന്പത്തിക ചെലവുകളൊന്നും ഇല്ലാതെ തന്നെ പുതിയ സ്റ്റേഷൻ യാഥാർഥ്യമാക്കാൻ കഴിയുമെന്നും എൽദോ ഏബ്രഹാം പറഞ്ഞു.