കസ്റ്റംസിന്റെ വലയിലായത് അപൂർവയിനം പക്ഷികൾ
1483945
Tuesday, December 3, 2024 3:38 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിലൂടെ അപൂർവയിനം പക്ഷികളെ അനധികൃതമായി കടത്താൻ ശ്രമിച്ച യാത്രക്കാരെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. തായ്ലൻഡിൽ നിന്ന് തായ് എയർവേയ്സ് വിമാനത്തിൽ വന്നിറങ്ങിയ തിരുവനന്തപുരം പാച്ചന്നൂർ സ്വദേശികളായ ബിന്ദു, വളർത്തു മകൻ ശരത് എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഇലക്ട്രോണിക് സാധനങ്ങളോ ലഹരി വസ്തുക്കളോ ബാഗേജിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധിക്കാൻ തുടങ്ങിയപ്പോൾ ബാഗിൽനിന്ന് ചിറകടി ശബ്ദം കേൾക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ ഉടൻ സഹപ്രവർത്തരെയും കൂട്ടി ബാഗേജ് തുറന്നപ്പോഴാണ് ബാഗിനുള്ളിൽ വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവയിനത്തിൽപ്പെട്ട 14 പക്ഷികളെ കണ്ടെത്തിയത്. തുടർന്ന് വിമാനത്താവളത്തിലെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിവിദഗ്ധ പരിശോധനകൾക്കും തുടർനടപടികൾക്കുമായി പക്ഷികളെയും കസ്റ്റഡിയിലെടുത്തവരെയും വനം വകുപ്പിന് കൈമാറി.
കൊച്ചി കസ്റ്റംസും വനം വകുപ്പും സംയുക്തമായായിരിക്കും കേസിൽ തുടരന്വേഷണം നടത്തുക. 25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മൂന്നു തരത്തിലുള്ള പക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ചിലതിനു ഭക്ഷണം കൊടുക്കണം. വേട്ടയാടി പിടിക്കാൻ കഴിവുള്ള പക്ഷികളുമുണ്ട്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് പ്രതികൾ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കിയ ശേഷം പക്ഷികളെ ഇവയുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ ഡോക്ടർമാരുടെയും പക്ഷി വിദഗ്ധരുടെയും പരിചരണത്തിലാണ് കണ്ടെടുത്ത ഈ പക്ഷികൾ.