മൂവാറ്റുപുഴ നഗരവികസന സ്തംഭനം: ഹൈക്കോടതി ഇടപെട്ടു
1483688
Monday, December 2, 2024 3:52 AM IST
മൂവാറ്റുപുഴ: കെആർഎഫ്ബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് അയച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നഗര വികസനത്തിലെ അപാകതകൾ പരിഹരിക്കാത്തതിനാലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. നഗരവികസനം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുനർനിർമാണം ഏകോപിപ്പിക്കുന്നതിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷൻ (എംഡിഎ) അടിയന്തരയോഗം ചേർന്ന് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
എംസി റോഡ് കടന്നുപോകുന്ന നഗരത്തിലെ മുഖ്യ റോഡ് ഉന്നത നിലാവരത്തിൽ റീടാർ ചെയ്തിട്ട് ആറു വർഷത്തിലേറെയായെന്നും തിരക്കേറിയ സമയങ്ങളിൽ നഗരം നിശ്ചലമാകുന്ന അവസ്ഥ സ്കൂൾ വിദ്യാർഥികൾക്കും മറ്റ് യാത്രികർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഹർജിക്കാർ ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ ആരോപിക്കുന്നു.
നഗരത്തിലെ രണ്ട് കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ തിരക്കേറിയ സമയങ്ങളിൽ സമയ ദൈർഘ്യം എടുക്കുന്നെവെന്നും ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര രക്ഷാവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് നഗരത്തിലുള്ളതെന്നും ഹർജിയിലുണ്ട്. ശബരിമല സീസണ് ആരംഭിച്ച സാഹചര്യത്തിൽ മണിക്കൂറിൽ 4000ത്തിൽ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കച്ചേരിത്താഴം പാലം വരെയുള്ള ഭാഗങ്ങളിൽ നിർമാണ പ്രവർത്തികൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ വർഷങ്ങളായി തുടരുന്ന താൽക്കാലിക കുഴിയടയ്ക്കൽ അല്ലാതെ 40 എംഎം ബിറ്റുമനസ് കോണ്ക്രീറ്റ് ഉപയോഗിച്ച് അടിയന്തരമായി റീ ടാർ ചെയ്യുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഹർജിക്കാരായ മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷൻ (എംഡിഎ) ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഏകദേശം 50 കോടി ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ നഗര വികസനം നടത്തുന്നത്. ഒരു വർഷം കാലാവധി നിശ്ചയിച്ച് 2022 ഡിസംബർ മാസം നിർമാണ പ്രവർത്തികൾ ആരംഭിച്ച നഗര വികസന പ്രവർത്തികൾ ഇപ്പോഴും അനശ്ചിതാവസ്ഥയിലാണ്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപന ഇല്ലായ്മമൂലം ഏകദേശം ഒന്നര വർഷം കഴിയുന്പോൾ 40 ശതമാനം ജോലികൾ പോലും പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് നഗര വികസനം. നഗര നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കുന്പോൾ പുറന്പോക്ക് ഭൂമികളിലെ അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിച്ച് സർക്കാർ ഏറ്റെടുക്കുക, നഗരത്തിലേക്ക് വരുന്ന ആളുകൾക്ക് ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക, പൊതു ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം കൊടുത്ത് സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ അനധികൃത നിർമാണ പ്രവർത്തികൾ തടഞ്ഞ് ഭൂമി സർക്കാർ കൈവശം ഏറ്റെടുക്കുക, നഗരത്തിലേക്ക് വരുന്ന ആളുകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുക, വാഹനങ്ങൾക്ക് ആധുനിക രീതിയിലുള്ള മൾട്ടിലെവൽ പാർക്കിംഗുകൾ സ്ഥാപിക്കുന്നതിന് നഗരസഭയ്ക്ക് നിർദേശം കൊടുക്കുക, നഗരം രൂക്ഷമായ വെള്ളകെട്ടിൽ പെടുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതർക്ക് ആവശ്യ നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളായി ഹൈക്കോടതി മുന്പാകെ സമർപ്പിച്ചിട്ടുള്ളത്.
പരാതികൾ അനവധി കൊടുത്തിട്ടും പ്രശ്നങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിലാണ് ഇപ്രകാരമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എംഡിഎ ഹൈകോടതി മുന്പാകെ എത്തിയത്. സംസ്ഥാന ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മൂവാറ്റുപുഴ തഹസിൽദാർ, പൊതുമരാമത്ത് വകുപ്പിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, താലൂക്ക് സർവേയർ, കേരള വാട്ടർ അഥോറിറ്റി എന്നിവർ കേസിൽ എതിർകക്ഷികളാണ്. എതിർകക്ഷികൾക്ക് അടിയന്തര നോട്ടീസ് അയച്ച ഹൈക്കോടതി വിശദമായ വാദം കേൾക്കുന്നതിനും എതിർകക്ഷികളുടെ മറുപടിക്കും ഈ മാസം 10ലേക്ക് കേസ് മാറ്റിയിട്ടുണ്ട്.