കുറ്റവാളികളെ കുടുക്കാന്‍ എഐ നിരീക്ഷണം
1483687
Monday, December 2, 2024 3:52 AM IST
കൊച്ചി: നഗരം എഐ കാമറ സുരക്ഷയിലേക്ക് മാറിയതോടെ വിവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടക്കുന്ന കുറ്റവാളികളും ഇനി കുടുങ്ങും. കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് (സിഎസ്എംഎല്‍) സിറ്റി പോലീസിനായി നടപ്പാക്കുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം(ഐടിഎംഎസ്), ഇന്റലിജന്റ് സിറ്റി സര്‍വൈലന്‍സ് സിസ്റ്റം(ഐസിഎസ്എസ്) എന്നിവ പ്രവര്ത്തനമാരംഭിച്ചതോടെയാണിത്.
സിഎസ്എംഎല്ലിന്റെ കലൂരിലെ കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള 336 എഐ ഹൈ ഡെഫിനിഷന്‍ കാമറകളിലൂടെ നഗരത്തിലെ പ്രധാനമേഖലകള്‍ 24 മണിക്കൂറും നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണു ഇന്റലിജന്റ് സിറ്റി സര്‍വൈലന്‍സ് സിസ്റ്റം. രാത്രിയിലും പകലും ഒരു പോലെ ഇവ പ്രവര്‍ത്തിക്കും. സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ വാഹനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ അടുത്തു കാണാനുള്ള സൗകര്യവും ഇവയിലുണ്ട്. കേസുകളുമായി ബന്ധപ്പെട്ടു പോലീസ് തിരയുന്ന വ്യക്തികള്‍ ഈ കാമറകളുടെ പരിധിയിലൂടെ കടന്നു പോയാല്‍ കണ്ടെത്താനുമാകും. പുതിയ സംവിധാനം നിലവില്‍ വന്നതോടെ കൊച്ചിയില്‍ ഒളിവില്‍ കറങ്ങി നടക്കുന്ന പ്രശ്നക്കാരെ കുടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
നഗരത്തിന്റെ നിരീക്ഷണത്തിനും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നവരെ കണ്ടെത്താനുമായി ഇന്റഗ്രേറ്റഡ് സിറ്റി സര്‍വൈലന്‍സ് സിസ്റ്റം പദ്ധതിക്ക് കീഴില്‍ 33 പാന്‍, ടില്‍റ്റ്, സൂം കാമറകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചരിക്കുന്നത്. ശേഷിക്കുന്ന 333 കാമറകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ നീക്കങ്ങളും വാഹനങ്ങളുടെ സഞ്ചാരവും നിരീക്ഷിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ പുതിയ സംവിധാനത്തിലൂടെ ഗതാഗതനിയമ ലംഘനങ്ങള്‍, നിരത്തിലെ കുറ്റകൃത്യങ്ങള്‍ എന്നിവ തത്സമയം കണ്ടെത്താന്‍ കഴിയും.
പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരങ്ങള്‍ അറിയിക്കാന്‍ സഹായിക്കുന്ന എമര്‍ജന്‍സി കോള്‍ ബോക്സുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസിനു മുകളിലാണ് ഐടിഎംഎസ് കണ്ട്രോള് റൂം. തിരക്കേറുമ്പോള്‍ സിഗ്നലുകള്‍ സ്വയം ക്രമീകരിക്കപ്പെടുന്ന ഇന്റഗ്രേറ്റഡ് സംവിധാനവും ഇതിന്റെ ഭാഗമായുണ്ട്.