എറണാകുളം സൗത്തിലെ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം
1483682
Monday, December 2, 2024 3:52 AM IST
കൊച്ചി: നഗര മധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ആക്രി ഗോഡൗണില്‍ വൻ തീപിടിത്തം. ഉറങ്ങിക്കിടന്ന ഒമ്പതു തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സമീപത്തെ വീട് പൂര്‍ണമായും കത്തിനശിച്ചു. തീ ആളിക്കത്തിയതിനെത്തുടര്‍ന്ന് എറണാകുളം വഴി ആലപ്പുഴയിലേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ടു മണിക്കൂറിലധികം നിർത്തിവച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ സൗത്ത് മേല്‍പ്പാലത്തിന് സമീപത്തെ സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിലായിരുന്നു സംഭവം. ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി 17 ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി നാലു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇടയ്ക്കിടെ തീ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് വരെ ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് തുടര്‍ന്ന് വെള്ളം നനയ്ക്കുന്ന ജോലികള്‍ തുടര്‍ന്നു. സമീപവാസി അജിയുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്. സംഭവത്തിന് പിന്നാലെ സമീപത്ത് താമസിച്ചിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. തീപിടിത്തമുണ്ടായ ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാതെയാണെന്ന് കണ്ടെത്തി.
ഗോഡൗണിന് സമീപം താമസിക്കുന്ന അജി പുലര്‍ച്ചെ പൊട്ടിത്തെറി കേട്ട് വീടിന് പുറത്തിറങ്ങിയപ്പോണ് സംഭവം അറിയുന്നത്. ഉടന്‍തന്നെ പ്രായമായ അമ്മ സരസ്വതിയെ വീട്ടില്‍ നിന്ന് സുരക്ഷിതഭാഗത്തേയ്ക്ക് മാറ്റി. ഒപ്പം ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ഗോഡൗണിനുള്ളില്‍ തൊഴിലാളികള്‍ ഉറങ്ങിക്കടന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും സമയോചിത ഇടപെടല്‍ മൂലം അകത്ത് കുടുങ്ങിക്കിടന്ന ഒമ്പത് പേരെയും സുരക്ഷിതമായി പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാള്‍ സ്വദേശികളുമായിരുന്നു ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി. സമീപത്തെ വൈദ്യത ലൈനിലേക്കും തീ പടര്‍ന്നു. ജനവാസ മേഖലയിലായിരുന്നു തീപിടിത്തം. സുരക്ഷ മുന്നില്‍ കണ്ട് സമീപപ്രദേശത്തുള്ള ആളുകളെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സൗത്ത് പാലത്തിലൂടെയുള്ള വാഹനഗതാഗതത്തിനും ഈ സമയത്ത് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. അതേമയം ഗോഡൗണിന് സാമൂഹ്യ വിരുദ്ധര്‍ തീ ഇട്ടതാണെന്നാണ് ഉടമയുടെ ആരോപണം.
അഗ്നി
സുരക്ഷയില്ല
തീപിടിത്തമുണ്ടായ ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാതെയെന്നും കണ്ടെത്തി.
സംഭവത്തില്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. എന്‍ഒസി, ഫയര്‍ സേഫ്റ്റി എന്നിവ സംബന്ധിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
വൻ ദുരന്തം ഒഴിവാക്കിയത്
അജിയുടെ ഇടപെടല്‍
എറണാകുളം സൗത്തില്‍ ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തം വൻ ദുരന്തമാകാതിരുന്നത് അജിയുടെ സമയോജിത ഇടപെടൽ കൊണ്ടു മാത്രമാണ്. മരണമുഖത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും അതിന്റെ ആഘാതത്തിൽനിന്ന് അജിയും അമ്മ സരസ്വതിയും മുക്തരായിട്ടില്ല. ജീവന് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇരുവരും. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ സരസ്വതി ശുചിമുറിയില്‍ പോയി വന്ന് കിടന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് അജി വീടിന് പുറത്തിറങ്ങിയത്.
ഈ സമയം സമീപത്തെ ഗോഡൗണില്‍ നിന്ന് തീ ഉയരുന്നതു കണ്ടു. ഉടന്‍ വീടിനുള്ളിലെത്തി അമ്മയെയും കൂട്ടി സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറുകയായിരുന്നു. ഇതിനു ശേഷം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
വര്‍ഷങ്ങളായി അജിയും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. തീപിടിത്തത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ അജിയുടെ വീടിന്റെ ജനറല്‍ ചില്ലുകള്‍ തകർന്നു. തീ ഇതിലൂടെ കടന്ന് അടുക്കളയുൾപ്പെടെയുള്ള ഭാഗങ്ങള്‍ കത്തി നശിച്ചു. വീട് വാസയോഗ്യമല്ലാത്ത നിലയിലാണ്.
ഇപ്പോഴുണ്ടായ നാശനഷ്ടങ്ങള്‍ പുതുക്കി പണിയാവുന്നതേയുള്ളൂ. ആര്‍ക്കും ജീവന് നഷ്ടപ്പെട്ടില്ലല്ലോ എന്ന് അജിയുടെ അമ്മ സരസ്വതി പറഞ്ഞു.