ആലങ്ങാട് പഞ്ചായത്തിൽ കുറുക്കന്റെ ശല്യം
1483681
Monday, December 2, 2024 3:52 AM IST
ആലങ്ങാട്: ചിറയം കണ്ണാലിതെറ്റ് റോഡരികിൽ കുറുക്കന്റെ ശല്യം. പുറത്തിറങ്ങിയാൽ കുറുക്കൻമാർ കൂട്ടമായെത്തി ആക്രമിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച രാത്രി കണ്ണാലിതെറ്റ് ഭാഗത്തെ പുഴയോടു ചേർന്നുള്ള വീട്ടിലെ ഒരാൾക്ക് കടിയേറ്റു. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സതേടി.
ആലങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പ്രദേശമാണിത്. സന്ധ്യമയങ്ങിയാൽ ഈ ഭാഗത്തെ റോഡിലൂടെ നാട്ടുകാർക്കു സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. രാത്രി സമയത്തു വീടുകളുടെ പരിസരത്തും കുറുക്കൻമാർ കൂട്ടമായെത്തുന്നുണ്ട്.പല വീടുകളിൽ നിന്നു കോഴികളെ കൊന്നു തിന്നുകയും വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. കുറുക്കന്റെ ആക്രമണം വർധിച്ചതോടെ നാട്ടുകാർ കൂടുതൽ ആശങ്കയിലാണ്.സമീപം കുറെ പൊന്തക്കാടുകളും പുഴയും ഉള്ളതുമാണ് ഇവ ഇവിടം വിട്ടു പോകാത്തതെന്നു നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു
എന്നാൽ, കൂടു കൊണ്ടുവന്നു വച്ചാലും ഇത്രയധികം കുറുക്കൻമാരെ പിടികൂടാൻ സാധിക്കില്ലെന്ന നിലപാടാണു വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.സമീപ പ്രദേശങ്ങളായ മാഞ്ഞാലി, തത്തപ്പിള്ളി, തടിക്കക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും കുറുക്കന്റെ ശല്യമുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ടു പ്രശ്നത്തിനു പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.