ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്
1483678
Monday, December 2, 2024 3:52 AM IST
കൊച്ചി: ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാക്കുകയെന്നതാണു സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ പുതിയ ലബോറട്ടറിയുടെയും പൂര്‍ണ സജ്ജമായ ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കെ. ബാബു എംഎല്‍എ നിര്‍വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം. സ്വരാജിന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റും ഫിസിയോതെറാപ്പി യൂണിറ്റും ഒരിക്കിയിരിക്കുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു.
നവീകരിച്ച കെട്ടിടം, രക്തപരിശോധനയ്ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, പീഡിയാട്രിക് പാലിയേറ്റീവ് ഹോംകെയര്‍ പദ്ധതി, നവീകരിച്ച ഫിമെയില്‍ മെഡിക്കല്‍ വാര്‍ഡ്, നവീകരിച്ച മരുന്ന് സംഭരണ കേന്ദ്രം, നവീകരിച്ച ഓഫ്താല്മോളജി ഡിപ്പാര്‍ട്ട്മെന്റ്, അവയവ ദാനം;സോഷ്യല്‍ മീഡിയ കാമ്പയിന് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇവിടെ നടന്നത്.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന് എംപി, മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.