ആസ്വാദകർക്ക് നവ്യാനുഭവമായി ജർമൻ സ്വദേശിയുടെ ഓട്ടൻതുള്ളൽ
1483677
Monday, December 2, 2024 3:52 AM IST
തൃപ്പൂണിത്തുറ: ആസ്വാദകർക്ക് നവ്യാനുഭവുമായി വൃശ്ചികോത്സവ വേദിയിൽ ജർമൻ സ്വദേശിയുടെ ഓട്ടൻതുള്ളൽ. ജർമൻ സ്വദേശി ഹരിയാനു ഹർഷിത ആണ് കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ കല്യാണസൗഗന്ധികം സ്വന്തമായി പാടി അവതരിപ്പിച്ചത്.
വർഷങ്ങളായി ഓട്ടൻതുള്ളൽ പരിശീലിക്കുന്ന ഹരിയാനു കലാമണ്ഡലത്തിലാണ് തുള്ളൽ പരിശീലനം തുടങ്ങിയത്. തുള്ളൽ കലാകാരൻ കലാമണ്ഡലം പ്രഭാകരന്റെ ശിക്ഷണത്തിലാണ് വൃശ്ചികോത്സവ വേദിയിൽ തുള്ളൽ അവതരിപ്പിച്ചത്.
ജർമനിയിൽ കരോക്കെയുടെ അകമ്പടിയിൽ തുള്ളൽ അവതരിപ്പിക്കുന്ന ഹരിയാനുവിന് നിരവധി ആസ്വാദകരാണുള്ളത്. മുൻപ് അയ്യപ്പൻകാവ് ക്ഷേത്രത്തിലും എറണാകുളം ശിവക്ഷേത്രത്തിലും ചങ്ങമ്പുഴ പാർക്കിലും ഹരിയാനു തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.
വൃശ്ചികോത്സവ വേദിയിൽ തുള്ളൽ അവതരിപ്പിച്ച ശേഷം ജർമൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത കല്യാണസൗഗന്ധികത്തിന്റെ 10 മിനിറ്റ് നീണ്ട അവതരണവും നടത്തി.
ജർമനിയിൽ താമസിക്കുന്ന ഹരിയാനു തുള്ളൽ പരിശീലനത്തിനായി കേരളത്തിൽ എത്താറുണ്ടെന്നും വൃശ്ചികോത്സവത്തിന്റെ സന്ദർഭം മനസിലാക്കിയാണ് ഇവിടെ തുള്ളൽ അവതരിപ്പിക്കാൻ ദേവസ്വം ബോർഡിനോട് അനുവാദം വാങ്ങിയതെന്നും പരിശീലകൻ കലാമണ്ഡലം പ്രഭാകരൻ പറഞ്ഞു.
കലാമണ്ഡലം പ്രഭാകരൻ പാട്ടിലും പ്രവീൺ പ്രഭാകരൻ മൃദംഗത്തിലും അകമ്പടിയായി.