സേവനമില്ല; ആംബുലൻസിന് ചെലവേറുന്നു
1483494
Sunday, December 1, 2024 5:26 AM IST
കോലഞ്ചേരി: പൂതൃക്ക പിഎച്ച്സിക്ക് ലഭിച്ച ആംബുലൻസിന്റെ ചെലവ് ലക്ഷത്തിലേക്ക് കുതിക്കുന്നു. രണ്ട് വർഷമായി കൊണ്ടുപോയത് ഒരു രോഗിയെ മാത്രം. 2022 ഒക്ടോബറിൽ ചാലക്കുടി എംപി ഫണ്ടിൽനിന്നും അനുവദിച്ച് പൂതൃക്ക പ്രൈമറി ഹെൽത്ത് സെന്ററിന് ലഭിച്ച ആംബുലൻസ് ആർക്കും ഉപയോഗപ്പെടാതെ കിടക്കുന്നു.
സ്ഥിരം ഡ്രൈവറില്ലെന്നും സർക്കാരിൽനിന്ന് പിഎസ്സി വഴി ഡ്രൈവർ എത്തട്ടെയെന്നും ആരോഗ്യ വകുപ്പിൽനിന്നു നിയമിക്കട്ടെ എന്നുമെല്ലാമുള്ള വാദപ്രതിവാദങ്ങൾ പരസ്പരം നിരത്തുന്നതല്ലാതെ ആംബുലൻസുകൊണ്ട് പഞ്ചായത്ത് പ്രദേശത്തെ രോഗികൾക്ക് ഒരു ഗുണവുമില്ല.
സാധാരണക്കാരായ ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് പലപ്പോഴും ഭീമമായ തുക ചെലവാക്കിയാണ് മറ്റ് സ്വകാര്യ വാഹനങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാനാകുന്നത്. 2022ൽ ലഭിച്ച ആംബുലൻസിന്റെ സീറ്റുകളിലെ പുത്തൻ പ്ലാസ്റ്റിക്ക് ആവരണങ്ങൾ പോലും ഇനിയും പോയിട്ടില്ല.
2022 നവംബർ 20 മുതൽ നാളിതുവരെയായി 7780 കിലോമീറ്റർ ഓടിയിട്ടുള്ളതായും ഡീസൽ ചെലവായി 60662 രൂപയും മെയിന്റനൻസ് ചെലവായി 34,003 രൂപയുമായി ആകെ 94,665 രൂപ ഇതിനോടകം ചെലവായിട്ടുള്ളതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പ്രവർത്തന ദിവങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് 10 കിലോമീറ്ററിന് 500 രൂപ നിരക്കിൽ ആംബുലൻസ് സർവീസ് നടത്താനും അധികം വരുന്ന ഓരോ കിലോമീറ്ററിന് 15 രൂപ നിരക്കിൽ ഈടാക്കാനും ജൂലൈ മാസത്തിൽ നടന്ന എച്ച്എംസി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഡ്രൈവർ ഇല്ലാത്തതിനാൽ ഇത് നടപ്പാക്കാനായിട്ടില്ല.
നിലവിൽ പഞ്ചായത്തിലെ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പിനും ആശുപത്രിയിൽ മരുന്നുകൾ എത്തിക്കുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമുള്ള സേവനങ്ങൾക്കും നിലവിൽ മറ്റ് ആശുപത്രിയിലെ ഡ്രൈവറെ വച്ച് ആംബുലൻസ് ഉപയോഗിക്കുന്നു എന്ന് രേഖകളിലൂടെ പറഞ്ഞ് വകുപ്പ് തലയൂരാൻ നോക്കുമ്പോഴും സാധാരണക്കാരായ രോഗികൾക്ക് പ്രയോജനപ്പെടാതെ ഇന്നും ആംബുലൻസ് അങ്ങനെ ആശുപത്രി അങ്കണത്തിൽ കിടക്കുകയാണ്.