കോതമംഗലം താലൂക്ക് വികസന സമിതി യോഗം
1479981
Monday, November 18, 2024 5:05 AM IST
കോതമംഗലം: കോതമംഗലത്തെ നിർദിഷ്ട ആധുനിക പൊതുശ്മശാനം പദ്ധതിക്കെതിരെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തി പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വേർപാടിൽ താലൂക്ക് സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചി - തേനി ദേശീയപാതയിൽ കോതമംഗലം നഗരസഭ, കവളങ്ങാട് പഞ്ചായത്ത് പരിധിയിൽ അശാസ്ത്രീയമായ രീതിയിൽ ഓട ഉൾപ്പെടെ നിർമിക്കുന്നതു മൂലം അപകടങ്ങൾ ഉണ്ടാകുന്നതും കുടിവെള്ള വിതരണം തടസപ്പെടുന്നതും രൂക്ഷമായതിനാൽ ഇവ അടിയന്തരമായി പരിഹരിക്കുന്നതിന് ദേശീയപാത അഥോറിറ്റി തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിലവിൽ തന്പടിച്ചിരിക്കുന്ന വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്തിയ ശേഷം ഫെൻസിംഗ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം. കോതമംഗലം മണ്ഡലത്തിൽ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ബന്ധപ്പെട്ട ഡിഎഫ്ഒമാർ ഉറപ്പുവരുത്തണം. പെരിയാർ വാലി കനാലുകളുടെ ക്ലീനിംഗ് കാര്യക്ഷമവും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പെരിയാർവാലി അധികൃതർ ഉറപ്പുവരുത്തണം.
ട്രാഫിക്ക് നിയമ ലംഘനങ്ങൾ തടയുന്നതിനും ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി നിർദേശങ്ങൾ ഫലപ്രദമായും ഊർജിതമായും നടപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരോട് ആന്റണി ജോണ് എംഎൽഎ നിർദേശിച്ചു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് അധികൃതരിൽനിന്ന് എൻഒസി ലഭിക്കുന്നതിനുള്ള തടസം നീക്കണമെന്നതടക്കം നിരവധി കാര്യങ്ങൾ യോഗം ആവശ്യപ്പട്ടു. ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു.