വീട്ടമ്മയെ ശുചിമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; കൊലപാതകം
1480432
Wednesday, November 20, 2024 4:06 AM IST
കളമശേരി: അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പെരുമ്പാവൂര്‍ ചൂണ്ടിക്കുഴി കോരോത്തുകുടിവീട്ടില് ജെയ്സി ഏബ്രഹാമിന്റെ (55) മരണമാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി കളമശേരി കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ തലയ്ക്കു ചുറ്റും പത്തോളം മുറിവുകളും തലയ്ക്ക് പിന്നിലായി ആഴത്തില്‍ മുറിവും ഉണ്ടായിരുന്നുവെന്നും പല്ലുകള്‍ അടര്‍ന്നു പോയ നിലയിലുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദേശത്തുള്ള മകള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടാതായതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോലീസ് അപ്പാര്‍ട്ടുമെന്റിലെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ ശുചിമുറിയില്‍ ജെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതോടെ പോസ്റ്റുമോര്‍ട്ടം നടത്തി. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 10.20ന് ടീഷര്‍ട്ട് ധരിച്ച ഒരാള്‍ തലയിൽ ഹെല്‍മെറ്റ് വച്ച് പോകുന്നതും തിരിച്ച് 12.50 ന് ഹെൽമറ്റ്ധാരിയായ ഒരാൾ മറ്റൊരു നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട വീട്ടമ്മയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് അടക്കം പല ബിസിനസുകളിലും സജീവമായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടവരെയും ഞായറാഴ്ച വന്നു പോയവരെയും കുറിച്ചും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.