‘വോട്ടര്‍ പട്ടിക ശുദ്ധീകരണം ഉറപ്പാക്കും’
1480431
Wednesday, November 20, 2024 4:06 AM IST
കൊച്ചി: ജില്ലയിൽ വോട്ടര്‍ പട്ടിക ശുദ്ധീകരണം ഉറപ്പാക്കുന്നതിന് പരമാവധി ശ്രമിക്കുമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന് കെ. ബിജു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക ശുദ്ധീകരണം ഉറപ്പാക്കുന്നതിന് പരമാവധി ശ്രമിക്കുമെന്ന് കെ. ബിജു പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പേര് നീക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും എതെങ്കിലും വിധത്തിലുളള പക്ഷപാതപരമായ സമീപനം സ്വീകരിക്കാന്‍ അനുവദിക്കില്ല. ഇത്തരം പരാതികളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. വോട്ടര്‍ പട്ടിക കുറ്റമറ്റതാണെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ഉറപ്പാക്കണം.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്ന് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കണം. ഒരു പ്രദേശത്ത് നിന്ന് കൂട്ടമായി പട്ടികയിലേക്ക് വോട്ടര്‍മാരെ ചേര്‍ക്കുന്നത് സംബന്ധിച്ച് സംശയകരമായ സാഹചര്യമുണ്ടായാല്‍ പരിശോധിക്കും. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിന് സൗകര്യമൊരുക്കും. ഇതിനായി പ്രത്യേക കാമ്പയിനുകള്‍ സംഘടിപ്പിക്കും. കൂടുതല്‍ യുവജനങ്ങളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങള്‍ക്കായുള്ള പോസ്റ്റര്‍ കെ. ബിജു ജില്ലാ കളക്ടര്‍ക്ക് നല്കി പ്രകാശനം ചെയ്തു. സ്ഥലത്തില്ലാത്ത വോട്ടര്‍മാരെ കണ്ടെത്തി പട്ടികയില്‍ നിന്ന് നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ കെ. മീര, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി. സിന്ധു, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.