ജനറല്‍ ആശുപത്രിയില്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
1480193
Tuesday, November 19, 2024 5:09 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഹൃദയത്തില്‍ നിന്ന് മഹാ രക്തധമനിയിലേക്കുള്ള അയോര്‍ട്ടിക് വാല്‍വ് അപകടകരമാംവിധം ചുരുങ്ങിപ്പോയതിനാല്‍ ഗുരുതരമായ ശ്വാസതടസവുമായി ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട 84കാരിയിലാണ് ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേയ്സ്മെന്റ് (ടിഎവിആര്‍) ചികിത്സ നടത്തിയത്.
ഹൃദയത്തില്‍നിന്ന് മഹാ രക്തധമനിയിലേക്കുള്ള അയോര്‍ട്ടിക് വാല്‍വാണ് ജനറല്‍ അനസ്തേഷ്യ കൂടാതെ, നെഞ്ച് തുറക്കാതെ തുടയില്‍ അഞ്ച് എംഎം മാത്രം വലുപ്പമുള്ള മുറിവിലൂടെ കത്തീറ്റര്‍ കടത്തിയായിരുന്നു ചികിത്സ. ഇത്രയും പ്രായമുള്ള ഒരു രോഗിയില്‍ ടിഎവിആര്‍ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ഇതാദ്യമായാണ് നടത്തുന്നത്. കടുത്ത ശ്വാസതടസം മൂലം കട്ടിലില്‍നിന്ന് അനങ്ങാന്‍ പോലും പ്രയാസപ്പെട്ടിരുന്ന രോഗി ശസ്ത്രക്രിയകഴിഞ്ഞു മൂന്നാം ദിവസം പരസഹായമില്ലാതെ നടന്നു.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന എറണാകുളം ജനറല്‍ ആശുപത്രിക്ക് ടിഎവിആര്‍ ചികിത്സ ഊര്‍ജം കൂട്ടിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ അറിയിച്ചു. കൂടാതെ ടിഎവിആര്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ കാര്‍ഡിയോളജി-സിടിവിഎസ് ടീമംഗങ്ങളെ ആശുപത്രി സൂപ്രണ്ട് അഭിനന്ദിച്ചു.