പിറവത്ത് തെരുവുനായ്ക്കൾ അക്രമകാരികളാകുന്നു
1480421
Wednesday, November 20, 2024 4:05 AM IST
പിറവം: പിറവത്ത് അക്രമകാരികളായ തെരുവുനായ്ക്കൾ ഭീതി വിതയ്ക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം കരക്കോട് ഭാഗത്ത് സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു പോയ വിദ്യാർഥിനികളെ ആക്രമിക്കാൻ തുനിഞ്ഞ നായ്ക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പത്തു വയസുകാരിക്ക് റോഡിൽ വീണ് പരിക്കേറ്റിരുന്നു.
നേരത്തെ ടൗണ്‍ മേഖലകളിൽ മാത്രമാണ് തെരുവ് നായ്ക്കളുടെ കൂട്ടത്തെ കണ്ടിരുന്നത്. ഇവറ്റകൾ പെറ്റുപെരുകി ഇപ്പോൾ ഉൾമേഖലകളിലും തന്പടിക്കുകയാണ്. ഏതാനും നാൾ മുന്‍പ് ഫയർ സ്റ്റേഷൻ ചിറ്റേത്തുപടി റോഡിൽ ഒരു വീട്ടിൽ വളർത്തിയിരുന്ന ആറ് കോഴികളെ നായ്ക്കൾ കടിച്ചുകൊന്നു. പാഴൂർ, കളന്പൂർ മേഖലകളിൽ നിരവധി ആടുകളെ കൊന്നിട്ടുണ്ട്. വളർത്തു മൃഗങ്ങളെ വളർത്താൻ സാധിക്കാത്ത അവസ്ഥയാണ്.
നായ്ക്കളുടെ ശല്യം രൂക്ഷമാണന്ന പരാതിയെത്തുടർന്ന് എബിസി സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുമുള്ള നടപടിയായിട്ടുണ്ടെന്ന് നഗരസഭാ അധികൃതർ പറയുന്നു. പക്ഷെ ഇത് എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്നത് കണ്ടറായണമെന്ന് പ്രദേശവാസികൾ പറയുന്നു. നായ്ശല്യം രൂക്ഷമായതിനെത്തുടർന്ന് പ്രഭാത സവാരിക്കിറങ്ങിയിരുന്ന ഭൂരിഭാഗം പേരും നടത്തം നിർത്തിവച്ചിരിക്കുകയാണ്. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ മാതാപിതാക്കളും ഭയപ്പെടുന്നു. ഇതു സംബന്ധിച്ച് പൊതു പ്രവർത്തകനായ ബേബിച്ചൻ ചേന്പാലക്കുന്നേൽ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.