ടിക്കറ്റിൽ സർവത്ര അപാകത; സ്വകാര്യ ബസുടമകൾക്ക് നോട്ടീസയച്ചു
1480192
Tuesday, November 19, 2024 5:09 AM IST
കാക്കനാട്: സ്വകാര്യ ബസുകളിൽ യാത്രക്കാർക്കു നൽകുന്ന ഫെയർ ടിക്കറ്റുകളിൽ സർവത്ര അപാകതയെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.
ഗതാഗത നിയമപ്രകാരം പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയും ഫെയർ സ്റ്റേജുകൾക്കനുസരിച്ച് ടിക്കറ്റ് നിരക്കുകൾ രേഖപ്പെടാതെയുമാണ് സ്വകാര്യ ബസുകൾ ടിക്കറ്റുകൾ നൽകുന്നതെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ കെ. മനോജ് പറഞ്ഞു. തോന്നുംവിധം യാത്രാനിരക്ക് നിശ്ചയിച്ച് സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പെർമിറ്റ് പ്രകാരം അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളിലെ ഫെയർ സ്റ്റേജ് നിരക്ക് ടിക്കറ്റുകളിൽ വ്യക്തമായി രേഖപ്പെടുത്തണം. എന്നാൽ യാത്രാ ടിക്കറ്റിന്റെ വലുപ്പം, കോളം തിരിച്ചുള്ള ഫെയർ സ്റ്റേജുകൾ എന്നിവ അടയാളപ്പെടുത്താതെ ഇലക്ട്രോണിക് സ്ക്രോളിംഗ് മിഷനിൽ നിന്നുള്ള ചെറിയ ടിക്കറ്റുകളാണ് സ്വകാര്യ ബസുകളിൽ ഇപ്പോൾ നൽകുന്നത്. ഇത് ഗതാഗത നിയമലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ബസ് സർവീസ് തുടങ്ങുമ്പൊൾ മുതലുള്ള സ്റ്റോപ്പുകൾ രേഖപ്പെടുത്തി വേണം ടിക്കറ്റ് നൽകാനെന്ന വ്യവസ്ഥയും സ്വകാര്യ ബസുകളിൽ പാലിക്കപ്പെടുന്നില്ല. യാത്രക്കാരിൽ നിന്നും തോന്നുംപടി നിരക്ക് ഈടാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം സ്വകാര്യ ബന്ധുകളിൽ ഇന്നലെ നടത്തിയ ടിക്കറ്റ് പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയ നാഹചര്യത്തിൽ ടിക്കറ്റുകളിൽ കൃത്യമായ വിവരങ്ങളും പോയിന്റുകളും രേഖപ്പെടുത്തണമെന്നും ചട്ടലംഘനം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുടമകൾക്കും നോട്ടീസയച്ചതായും അധികൃതർ വ്യക്തമാക്കി.