കുണ്ടന്നൂരിലേത് കുറുവ സംഘം; ഉറക്കം നഷ്ടപ്പെട്ട് ജില്ല
1479974
Monday, November 18, 2024 5:05 AM IST
കൊച്ചി: ആലപ്പുഴയിലെ കവര്‍ച്ചാക്കേസില്‍ കുണ്ടന്നൂരില്‍ നിന്നു പിടിയിലായ പ്രതികള്‍ കുറുവസംഘത്തിലെ അംഗങ്ങളെന്ന് തെളിഞ്ഞതോടെ എറണാകുളം ജില്ലയിലെ ജനം ഭീതിയിൽ. പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം 14 പേരാണ് മോഷണത്തിനായി കേരളത്തിലെത്തിയത്. ഇതില്‍ ഏഴു പേര് മൂന്ന് മാസംമുമ്പ് കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസമാക്കിയിരുന്നു. മീന്‍പിടിത്തത്തിന്റെ മറവിലാണ് സംഘം മോഷണം നടത്തിവന്നിരുന്നത്. കേസുകളെത്തുടര്‍ന്ന് അഞ്ചുപേരെ മരട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായിട്ടുള്ളത്. അടുത്തയിടെ പറവൂരിലും ഒന്നിലധികം വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. എന്നാല്‍ ഇത് കുറുവ സംഘമെന്ന് പോലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ മോഷണക്കേസുകള്‍ പെരുകിയതോടെ ഭീതിയിലായിരിക്കുകാണാണ് പൊതുജനം. ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ കൊച്ചി നഗരത്തിന് പുറമേ ജില്ലയുടെ പല ഭാഗങ്ങളിലും രാത്രികാല പട്രോളിംഗും മറ്റും പോലീസ് വ്യാപകമാക്കിയിട്ടുണ്ട്. നഗരത്തിലെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ബസ് സ്റ്റോപ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഉള്‍പ്പെടെ പട്രോളിംഗ് നടത്തുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങള്‍, കുറ്റിക്കാടുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്.
പകല്‍ കണ്ടുവച്ച് രാത്രി കവർച്ച
പകല്‍ വീടുകള്‍ നോക്കിവച്ച് രാത്രി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങള്‍ കുറവുള്ള വീടുകളും പുറകുവശത്തെ വാതിലുകള്‍ ദുര്‍ബലമായ വീടുകളും മോഷണത്തിനായി തെരഞ്ഞെടുക്കും. അടുത്തുള്ള വലിയ വീടുകള്‍ ലക്ഷ്യംവയ്ക്കില്ല. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കും. ഇരുമ്പുകമ്പിയോ മറ്റ് ആയുധങ്ങളോ ഇവരുടെ കൈവശം ഉണ്ടാകും.
വാതിലിന്റെ കുറ്റി തകര്‍ക്കാന്‍ ഈ ആയുധം ഉപയോഗിക്കും. വീട്ടുകാര്‍ എതിര്‍ത്താല്‍ ഇതേ ആയുധം ഉപയോഗിച്ച് ആക്രമിച്ച് കീഴ്പ്പെടുത്തും. രണ്ടുപേര്‍ വീതമാകും കവര്‍ച്ചയ്ക്ക് എത്തുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും. വീടുകളുടെ പിന്‍വാതിലിന്റെ അടക്കം സുരക്ഷ ഉറപ്പാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
സിസി ടിവി വിഷയമല്ല
സിസി ടിവി കാമറകള്‍ കുറുവസംഘം കാര്യമാക്കാറേയില്ല. മോഷണം തടയാൻ ശ്രമിക്കുന്നവരെ കൊല്ലാനും സംഘത്തിന് മടിയില്ല. ചെറുപ്പക്കാര്‍ മുതല്‍ 55 പിന്നിട്ടവർവരെ സംഘത്തിലുണ്ട്. അഭ്യാസങ്ങള്‍ പഠിച്ച ഇവരെ പെട്ടെന്ന് കീഴ്പ്പെടുത്താന്‍ കഴിയില്ല. മോഷണത്തിന് ആറ് മാസം മുമ്പ് തന്നെ ഇവര്‍ തമ്പടിച്ച സ്ഥലത്ത് നിന്നും മാറും.
പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തുന്നതാണ് രീതി. ഇവര്‍ തമ്പടിച്ചതിന് 10 കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവര്‍ച്ച . മദ്യപിച്ചാകും സംഘം മോഷണത്തിനെത്തുക. ശബരിമല തീര്‍ഥാടന കാലത്തു പോലീസ് സേന ശബരിമലയില്‍ കൂടുതലായി കേന്ദ്രീകരിക്കുന്നതും ഇവര്‍ മോഷണത്തിന് അവസരമാക്കുകയാണ്.