കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ വിശ്വാസ്യത ചോര്‍ത്തും: മന്ത്രി ആര്. ബിന്ദു
1480417
Wednesday, November 20, 2024 3:31 AM IST
കൊച്ചി: സമൂഹത്തിന്റെ പൊതുബോധം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പുപോലുള്ള നിര്‍ണായക അവസരങ്ങളില്‍ കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ വിശ്വാസ്യത ചോര്‍ത്തുമെന്ന് മന്ത്രി ഡോ. ആര് ബിന്ദു. ഇത് അപലപനീയവും പ്രതിഷേധകരവുമാണെന്നും കേരള മീഡിയ അക്കാദമി ബിരുദ സമ്മേളനവും മാധ്യമ അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
സംഘടിതമായി എല്ലാ മാധ്യമങ്ങളും ഒരേ തരം വ്യാജ വാര്‍ത്തകള്‍ ചില പ്രത്യേക ഘട്ടത്തില്‍ ചര്‍ച്ചയാക്കുന്നു. ഇത് കാണുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പ്രയോഗത്തില്‍ കഴമ്പുണ്ട് എന്ന് തോന്നിപ്പിക്കുന്നു. ഭരണകൂടത്തിന്റെ പ്രത്യയ ശാസ്ത്ര ഉപകരണങ്ങളായി മാധ്യമങ്ങള്‍ മാറുന്നു. പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ പ്രശ്നങ്ങള്‍ വേണ്ടവിധത്തില്‍ മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നില്ല. ഇതിനൊരു മാറ്റം വരുത്താന്‍ ഈ സമൂഹത്തില്‍ നിന്ന് കൂടുതല്‍ പേര് മാധ്യമരംഗത്ത് എത്തണം. ഇതിനായി മീഡിയ അക്കാദമി നടത്തുന്ന പരിശ്രമങ്ങള്‍ ഫലവത്താക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്നും അവർ പറഞ്ഞു.
മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷനായിരുന്നു.വൈസ് ചെയര്മാന് ഇ.എസ്.സുഭാഷ്, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്കര്‍, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കെ.പി.റെജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍, അസി സെക്രട്ടറി പി.കെ വേലായുധന് എന്നിവര്‍ പങ്കെടുത്തു.