കോതമംഗലത്ത് മുസ്ലിം ലീഗിൽ വിഭാഗീയത
1479973
Monday, November 18, 2024 5:05 AM IST
കോതമംഗലം: കോതമംഗലത്ത് മുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷം. ലീഗിന്റെ പാർട്ടി പത്രം വഴി പുതുതായി പ്രഖ്യാപിച്ച ഏകപക്ഷീയ കമ്മിറ്റിയെ യോഗം ചേരാനനുവദിക്കാതെ പ്രതിരോധിച്ച് മടക്കി. പുതുതായി പ്രഖ്യാപിച്ച നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രഥമ യോഗമാണ് ഇന്നലെ ലീഗ് ഓഫീസിൽ ചേരാൻ തീരുമാനിച്ചതായി അറിയിപ്പ് നൽകിയിരുന്നത്. കമ്മിറ്റി ഉണ്ടെന്നറിഞ്ഞ് ഭൂരിപക്ഷം വരുന്ന എതിർ വിഭാഗം പ്രതിഷേധവുമായി ഓഫീസിൽ തടിച്ചുകൂടി.
യോഗം ചേരാനായി പുതുതായി പ്രഖ്യാപിച്ച കമ്മിറ്റി ഭാരവാഹികൾ എത്തിയതോടെ പ്രതിഷേധം സംഘർഷത്തിന്റെ വക്കോളമെത്തി. ഒടുവിൽ യോഗം നടത്താനാകാതെ പുതിയ അംഗങ്ങൾ മടങ്ങി.
മുസ്ലിം ലീഗിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ അടുത്ത കുറെ നാളുകളായുള്ള വിഭാഗീയത പരിഹരിക്കാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ സമവായ ചർച്ചകൾ നടന്നുവരികയാണ്. ഇതിനിടെ ജില്ലയിൽ പുതിയ ഗ്രൂപ്പ് സംവിധാനം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷായുടെ നേതൃത്വത്തിൽ നടത്തിയ വിഭാഗീയ പ്രവർത്തനമാണ് ലീഗിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്.
പുതിയ ഗ്രൂപ്പ് പ്രവർത്തനം മൂലം പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള പല്ലാരിമംഗലം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ വലിയ പ്രതിസന്ധിയാണ് പാർട്ടിക്ക് സൃഷ്ടിക്കുന്നത്. ഏറെ ആശങ്കയോടെയാണ് കോതമംഗലത്തെ യുഡിഎഫ് നേതാക്കളും ലീഗിലെ വിഭാഗീയയെ നോക്കികാണുന്നത്.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് ലീഗിനെ മാത്രമല്ല യുഡിഎഫിനെയും ബാധിക്കുമോയെന്ന ആശങ്ക നേതാക്കൾക്കില്ലാതില്ല.