കുണ്ടന്നൂരിലെ കുട്ടവഞ്ചിക്കാർക്ക് ഒഴിയാൻ 48 മണിക്കൂർ സമയം
1480426
Wednesday, November 20, 2024 4:06 AM IST
മരട്: കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാർക്ക് ഒഴിയാൻ രണ്ടുദിവസം കൂടി സമയം അനുവദിച്ച് മരട് നഗരസഭ. മരട് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് നാലോടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ഒഴിപ്പിക്കുന്നവരെ നഗരസഭയുടെ സെന്ററിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ സ്വയം ഒഴിഞ്ഞ് മാറിക്കൊള്ളാമെന്ന് ഇവർ അറിയിച്ചതിനെതുടർന്ന് നഗരസഭ സമയം നീട്ടിനൽകുകയായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് മുൻപായി ഒഴിഞ്ഞില്ലെങ്കിൽ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ പിടികൂടിയ സാഹചര്യത്തിലാണ് നടപടി. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നടപടികൾക്ക് നേതൃത്വം നൽകി. ഇവരെ ഇവിടെനിന്ന് ഒഴിപ്പിച്ചശേഷം സ്വകാര്യ പങ്കാളിത്തത്തോടെ ഈ ഭാഗം മുഴുവൻ സൗന്ദര്യവൽക്കരണം നടത്തുമെന്നും ആളുകൾക്ക് വിശ്രമ കേന്ദ്രമടക്കമുള്ളവ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.