കൂത്താട്ടുകുളം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്‍ഡറിയിൽ വടകര സെന്റ് ജോണ്‍സ് ഒന്നാമത്
1479976
Monday, November 18, 2024 5:05 AM IST
കൂത്താട്ടുകുളം: കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നുവരുന്ന കൂത്താട്ടുകുളം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. 32 സ്കൂളുകളിൽ നിന്നായി 1500 വിദ്യാർഥികളാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. കലോത്സവത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആതിര സുമേഷ് അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ എം.ജെ. ജേക്കബ് വിജയികൾക്കുള്ള സമ്മാന വിതരണം നിർവ്വഹിച്ചു. കലോത്സവത്തിൽ എൽപി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യുപിഎസ്, സെന്റ് പോൾസ് എൽപി മുത്തോലപുരം സ്കൂളുകൾ ഓവറോൾ നേടി. ഇലഞ്ഞി സെന്റ് പീറ്റേഴ്സ്, മാറിക സെന്റ് മേരീസ് സ്കൂളുകൾക്ക് രണ്ടാം സ്ഥാനം. ആറൂർ ഗവ. എൽപി, വടകര എൽഎഫ് എൽപി സ്കൂളുകൾ മൂന്നാമതെത്തി. യുപി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യുപി സ്കുളിനാണ് ഓവറോൾ കിരീടം. സൗത്ത് മാറാടി ഗവ. യുപി, ഇലഞ്ഞി സെന്റ് പീറ്റേഴ്സ്, വടകര എൽഎഫ് സ്കൂളുകൾ രണ്ടാമതെത്തി. കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് മൂന്നാമതെത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഓവറോൾ നേടി. വടകര സെന്റ് ജോണ്‍സ് എച്ച്എസ് രണ്ടാം സ്ഥാനവും, വടകര എൽഎഫ് എച്ച്എസ് മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ വടകര സെന്റ് ജോണ്‍സ് ഒന്നാമതെത്തി. ആത്താനിക്കൽ ഗവ. എച്ച്എസ്എസ് രണ്ടാം സ്ഥാനവും ഈസ്റ്റ് മാറാടി ഗവ. വിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.