മീനച്ചിൽ പദ്ധതി നടപ്പാക്കിയാൽ മൂവാറ്റുപുഴയാർ വറ്റിവരളും: ബാബു പോൾ
1479977
Monday, November 18, 2024 5:05 AM IST
മൂവാറ്റുപുഴ: ജനകീയ പ്രതിഷേധത്തെതുടർന്ന് രണ്ടു പ്രാവശ്യം നിർത്തിവച്ച മീനച്ചിൽ പദ്ധതി പുനരാരംഭിക്കാനുള്ള ജലവിഭവ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുൻ എംഎൽഎ ബാബു പോൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മീനച്ചിൽ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഡിപിആർ തയാറാക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള വാപ്കോസ് ലിമിറ്റഡുമായി സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം ഒപ്പിട്ടതോടെയാണ് മൂവാറ്റുപുഴയാറിന് ഭീഷണിയാകുന്ന മീനച്ചിൽ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ബാബു പോൾ രംഗത്തെത്തിയത്.
മീനച്ചിൽ പദ്ധതി നടപ്പാക്കിയാൽ മൂവാറ്റുപുഴയാർ വറ്റിവരളും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം റിസർവോയറിൽനിന്നും വൈദ്യുതി ഉൽപ്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം മലങ്കര ഡാമിന് മുകളിൽ അറക്കുളത്ത് മൂന്നുങ്കവയലിൽ തടയണ കെട്ടി അവിടെനിന്നും 6.5 കിലോമീറ്റർ നീളത്തിൽ രണ്ട് മലകൾ തുരന്ന് ടണൽ നിർമിച്ച് മൂന്നിലവ് പഞ്ചായത്തിലെ നരിമറ്റത്ത് കടപ്പുഴ ആറിലെത്തിച്ച് അതുവഴി മീനച്ചിലാറിൽ എത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അറക്കുളത്തുനിന്നും ടണൽ മാർഗം ലക്ഷക്കണക്കിന് ദശലക്ഷം ക്യുബിക്ക് മീറ്റർ ജലം ചോർത്താനാണ് മീനച്ചിൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ടണൽ നിർമിച്ച് വെള്ളം തിരിച്ചു വിടാനുള്ള മീനച്ചിൽ പദ്ധതി തികച്ചും പ്രയോഗികമല്ലായെന്ന വിദഗ്ദ്ധ സമിതി ശുപാർശയെതുടർന്ന് മുൻ സർക്കാർ മീനച്ചിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ വീണ്ടും പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും അതിനെതിരെ ഉയർന്നുവന്ന ജനരോഷത്തെതുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. രണ്ടു തവണ ഉപേക്ഷിക്കപ്പെട്ട മീനച്ചിൽ പദ്ധതി ഇപ്പോൾ വീണ്ടും നടപ്പാക്കാനുള്ള ജലവിഭവ വകുപ്പിന്റെ ശ്രമം പ്രതിഷേധാർഹമാണന്നും ബാബു പോൾ പറഞ്ഞു.
മീനച്ചിൽ പദ്ധതി: പ്രക്ഷോഭം
ആരംഭിക്കുമെന്ന് കോണ്ഗ്രസ്
മൂവാറ്റുപുഴ: മീനച്ചിൽ നദീതട പദ്ധതി നടപ്പാക്കുന്നത് മൂവാറ്റുപുഴയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കോണ്ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി. പദ്ധതി നടപ്പാക്കിയാൽ മൂവാറ്റുപുഴവാലി ജലസേചന പദ്ധതി നാമാവശേഷമാകും. ഇത് മറച്ചുവച്ചാണ് സർക്കാർ മീനച്ചിൽ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പദ്ധതി മരവിപ്പിച്ചില്ലെങ്കിൽ സർക്കാരിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് പറഞ്ഞു.
മീനച്ചിൽ പദ്ധതി നടപ്പാക്കിയാൽ മൂവാറ്റുപുഴവാലി നദീതട പദ്ധതിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് കർഷകർക്ക് ജലം ലഭ്യമല്ലാതെയാകും. ഇടുക്കി, എറണാകുളം ജില്ലകളിലെ കർഷകർക്ക് പ്രയോജനം ചെയ്യാനാണ് മൂവാറ്റുപുഴവാലി പദ്ധതി 1974ൽ വിഭാവനം ചെയ്തത്. മൂവാറ്റുപുഴ, തൊടുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും കർഷകർ ആശ്രയിക്കുന്നത് മൂവാറ്റുപുഴവാലി പദ്ധതിയാണ്. കാർഷിക സമൃദ്ധിക്കും ശുദ്ധജല ലഭ്യതയ്ക്കും പ്രഥമ പരിഗണന നൽകിയാണ് മൂവാറ്റുപുഴ വാലി പദ്ധതി യഥാർഥ്യമാക്കിയത്.