അന്പതിന്റെ നിറവിൽ കൂത്താട്ടുകുളം ദേവമാതാ ആശുപ്രതി
1480423
Wednesday, November 20, 2024 4:05 AM IST
കൂത്താട്ടുകുളം: ആതുര സേവനരംഗത്ത് അഞ്ച് ദശാബ്ദം പൂർത്തിയാക്കിയ കൂത്താട്ടുകുളം ദേവമാതാ ആശുപ്രതിയുടെ സുവർണ ജൂബിലി ആഘോഷവും പൊതുസമ്മേളനവും നാളെ നടക്കുമെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകാരി എസ്എബിഎസ് പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്നിനു ദേവമാതാ നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ആരാധനാ സന്യാസിനി സമൂഹത്തിന്റെ മദർ സുപ്പീരിയർ ജനറൽ സിസ്റ്റർ റോസിലി ഒഴുകയിൽ എസ്എബിഎസ് അധ്യക്ഷത വഹിക്കും.
മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും ദേവമാതാ ആശുപത്രിയിലെ ആദ്യജാതയെ ആദരിക്കലും നിർവഹിക്കും. സാധാരണക്കാരായ ജനങ്ങളിലേയ്ക്ക് മിതമായ നിരക്കിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1975ൽ ദേവമാതാ സ്ഥാപിതമായത്. ആശുപത്രിയുടെ ആരംഭം മുതൽ പ്രവർത്തിക്കുന്ന ബിഷപ് കുര്യാളശേരി മേമ്മോറിയൽ ഹോസ്പിസ് ആരോരുമില്ലാത്തവരും, ശയ്യാവലംബരായവർക്ക് സൗജന്യ ശുശ്രൂഷയും, വർഷങ്ങളായി ചെയ്തു പോരുന്ന ചാരിറ്റി പ്രവർത്തനങ്ങളും ആശുപത്രിയുടെ സേവനങ്ങളെ വ്യത്യസ്തമാക്കുന്നു. ഇന്ത്യയിൽ രണ്ടാമത്തേയും കേരളത്തിൽ ആദ്യത്തേയും എൻഎബിഎച്ച് സേഫ് 1 അക്രഡിറ്റഡ് സ്വകാര്യ ആശുപത്രിയാണ് ദേവമാതാ.
സുവർണ ജൂബിലി സ്മാരകമായി എസ്എബിഎസ് ക്രിസ്തുരാജ് പ്രോവിൻസ് പണികഴിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ, അത്യാധുനിക റേഡിയോളജി ഡിപ്പാർട്ടുമെന്റ് എന്നിവ പൂർത്തിയാകുന്നതോടെ നൂതനമായ ചികിത്സ രീതികൾ ജനങ്ങളിലേയ്ക്ക് എത്തിക്കാനും ആരോഗ്യസേവനരംഗത്ത് കൂടുതൽ സജീവമാകാനും കഴിയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ആൻഡ് ചീഫ് ഫിസിഷൻ ഡോ. വിനോദ് സെബാസ്റ്റ്യൻ, ഡോ. അനിൽ ജോണ്, പിആർഒ ലാൽസൻ ജെ. പുതുമനതൊട്ടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.