തരിശുഭൂമിയിൽ ഭീഷണി ബോർഡ് സ്ഥാപിച്ചതായി പരാതി
1480203
Tuesday, November 19, 2024 5:10 AM IST
ആലുവ: സ്ഥല ഉടമകളറിയാതെ തരിശുഭൂമിയിൽ ഭീഷണി ബോർഡ് സ്ഥാപിച്ചതായി പരാതി. വർഷങ്ങളായി തരിശായിക്കിടക്കുന്ന ടൗൺഷിപ്പ് റോഡിനോട് ചേർന്ന എടയപ്പുറം പാടശേഖരത്താണ് ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ പേരിൽ ബോർഡ് സ്ഥാപിച്ചത്.
"ഗ്രൗണ്ടിനകത്തേക്ക് വാഹനങ്ങൾ കയറ്റുന്നവരെ നിയമപരമായും കായികമായും നേരിടുന്നതാണ്' എന്ന മുന്നറിയിപ്പ് ബോർഡാണ് വിവാദമായിരിക്കുന്നത്. സ്ഥലമുടമകൾ കാർ ഓടിച്ചു പരിശീലിക്കാൻ കയറിയപ്പോഴും ഭീഷണി മുഴക്കിയതായി പരാതിയുണ്ട്.
ക്ഷേത്രം കൂടിയുളള ഈ സ്ഥലത്തേക്ക് വാഹനങ്ങൾ കയറാതിരിക്കാൻ ജെസിബി ഉപയോഗിച്ച് കുഴി എടുത്തതായും പരാതി ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ തിരികെ മണ്ണിട്ട് കുഴി മൂടുകയും ചെയ്തു.
ആലുവ മുനിസിപ്പാലിറ്റിയുടെ അതിർത്തിയോട് ചേർന്ന് എടയപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതാണീ മേഖല. 20 വർഷം മുമ്പ് സീപോർട്ട്-എയർപോർട്ട് റോഡ് കടന്നു പോകാൻ സർവേക്കല്ല് സ്ഥാപിച്ചതോടെയാണ് തരിശുഭൂമിയായി മാറിയത്. പത്തോളം പേരുടെ ഉടമസ്ഥയിലുള്ളതാണീ ഏക്കർ കണക്കിനുള്ള സ്ഥലം.
നാട്ടുകാരും പുറമെ നിന്നുള്ളവരും വർഷങ്ങളായി വിവിധ കായിക വിനോദങ്ങൾക്കും മറ്റും സ്ഥലം ഉപയോഗിക്കുകയാണ്. വാഹന ഡ്രൈവിംഗ് പരിശീലനത്തിനും ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. എന്നാൽ വാഹനങ്ങൾ കയറിയാൽ പന്ത് കളിക്കാൻ പറ്റില്ലെന്ന പേരിലാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കപ്പെട്ടത്.
ബോർഡ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സ്ഥാപിച്ചവർ അതിന് തയാറായിട്ടില്ല. ഭീഷണി വാക്കുകളടങ്ങിയ മുന്നറിയിപ്പ് ബോർഡ് അപമാനമാണെന്നും നാട്ടുകാർ പറഞ്ഞു. ബോർഡ് അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ പോലീസിനെ സമീപിക്കാനാണ് തീരുമാനം.