‘ശബരി പാക്കേജിൽ ഉൾപ്പെടുത്തി റോഡുകൾ നവീകരിക്കണം’
1479980
Monday, November 18, 2024 5:05 AM IST
മൂവാറ്റുപുഴ: ശബരിമല തീർഥാടനം ആരംഭിച്ചിട്ടും മൂവാറ്റുപുഴയിലെ പ്രധാന റോഡുകൾ നവീകരിക്കാത്തത് എംഎൽഎയുടെ പിടിപ്പുകേടാണെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം. വെള്ളൂർക്കുന്നം-തൃക്കളത്തൂർ എംസി റോഡ്, തൊടുപുഴ - പുനലൂർ റോഡ്, മൂവാറ്റുപുഴ നഗര റോഡ് എന്നിവ തകർന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലയളവിൽ ശബരി പാക്കേജിൽനിന്ന് മൂവാറ്റുപുഴ - പെരുന്പാവൂർ എംസി റോഡ് നവീകരണത്തിന് 15 കോടിയും തൊടുപുഴ - മൂവാറ്റുപുഴ റോഡിന് 2019-20ൽ 10 കോടിയും അനുവദിപ്പിച്ച് ബിസി ഓവർലെ വർക്ക് നടത്തിയിരുന്നു.
ശബരി തീർഥാടകർ യാത്ര ചെയ്യുന്ന മേമടങ്ങ്തോട്ടക്കര റോഡിന് 250 ലക്ഷവും തോട്ടക്കര - മാറിക റോഡിന് ബജറ്റ് വഴി 200 ലക്ഷവും അനുവദിച്ച് നിർമാണം നടത്തിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. വെള്ളൂർക്കുന്നം മുതൽ പിഒ ജംഗ്ഷൻ വരെ രണ്ടര കിലോ മീറ്റർ റോഡ് ദുരിത വഴിയായി മാറിയിരിക്കുകയാണ്. റോഡ് ഗതാഗതം സുഗമമാക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.