വേട്ടാന്പാറയിൽ ടാർ മിക്സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം
1480186
Tuesday, November 19, 2024 4:40 AM IST
കോതമംഗലം: വേട്ടാന്പാറയിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ടാർ മിക്സിംഗ് പ്ലാന്റിനെതിരെ നാട്ടുകാരുടെ ജനകീയ പ്രതിഷേധം ശക്തം. കേന്ദ്ര - സംസ്ഥാന നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി ടാർമിക്സ് പ്ലാന്റിന് ലൈസൻസ് നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വേട്ടാന്പാറ പൗരസമിതിയുടെ നേതൃത്വത്തിൽ പെരുന്പാവൂർ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും കോതമംഗലം രൂപത എകെസിസി പ്രസിഡന്റുമായ സണ്ണി കടുത്താഴെ മുഖ്യപ്രഭാഷണം നടത്തി. അനധികൃതമായി നൽകിയ ലൈസൻസ് പിൻവലിച്ച് വേട്ടാന്പാറ നിവാസികളുടെ ആശങ്കയകറ്റിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നറിയിപ്പ് നൽകി.
പൗരസമിതി പ്രസിഡന്റ് ഇ.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൗരസമിതി രക്ഷാധികാരിയും വേട്ടാന്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയുമായ ഫാ. ജോഷി നിരപ്പേൽ ആമുഖ പ്രഭാഷണം നടത്തി. വാർഡംഗം സിബി പോൾ, ജോളി ജോർജ്, ജോസ് കുര്യൻ, സോവി കൃഷ്ണൻ, ടി.എം. യോഹന്നാൻ, സൗമ്യ പോൾ, വിൽസണ് ജോണ്, ബേസിൽ തണ്ണിക്കോട്ട്, പി.ജെ. സിസിലി, കെ.എ. ജോസഫ്, മോളി ജോസ്, ടിഷ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. ടാർ മിക്സിംഗ് പ്ലാന്റിന് അനധികൃതമായി നൽകിയ ലൈസൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജിയും നൽകി. സ്ത്രീകളും വയോധികരും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പ്രകടനമായെത്തിയാണ് സമരത്തിൽ പങ്കെടുത്തത്.