കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ ഐടിഐ വജ്ര ജൂബിലിയും സാന്ത്വനം ഏഴാംഘട്ട ഉദ്ഘാടനവും 23ന്
1480427
Wednesday, November 20, 2024 4:06 AM IST
വരാപ്പുഴ: വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികാഘോഷവും കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ ഐടിഐയുടെ വജ്ര ജൂബിലിയാഘോഷത്തിന്റെയും ചാവറ സാന്ത്വനം കാരുണ്യ പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെയും ഉദ്ഘാടനവും 23 ന് കൂനമ്മാവില്‍ നടക്കും. വൈകുന്നേരം നാലിന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, കൊച്ചി മേയര്‍ അഡ്വ. എം.അനില്‍ കുമാര്‍, സിഎംഐ കൊച്ചി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യൽ ഫാ. ബെന്നി നല്ക്കര, സിഎംഐ സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, സിഎംസി വിമല പ്രൊവിന്‍സിന്റെ മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്ളവര്‍, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഐടിഐ മാനേജര്‍ ഫാ. മാര്ട്ടിന് മുണ്ടാടന്‍, പ്രിന്‍സിപ്പല്‍ ഫാ.ജോബി കോഴിക്കോട്ട് എന്നിവര്‍ അറിയിച്ചു.
1864 ജനുവരി 12 ന് വിശുദ്ധ ചാവറയച്ചന് കൂനമ്മാവില്‍ സേവനം ആരംഭിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്മരണാര്‍ഥം 1964 ജനുവരി 12ന് കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ ഐടിഐ സ്ഥാപിതമായി. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ഇന്ന് സ്വദേശത്തും വിദേശത്തും ഉന്നതനിലയിൽ ജോലി ചെയ്യുന്നുണ്ട്.
ചാവറ സാന്ത്വനം പദ്ധതി ഏഴാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഈ കാരുണ്യ പദ്ധതിയിലൂടെ ഇതിനകം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സഹായമേകിയിട്ടുണ്ട്. 2000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍, കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂളിനു വേണ്ടി വാഹനം, പറവൂര്‍ താലൂക്ക് ഹോസ്പിറ്റലിൽ കിഡ്നി രോഗികള്‍ക്കായി ഡയാലിസിസ് യൂണിറ്റ്, ആലുവ കാര്‍മല്‍ ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് മെഡിക്കല്‍ ഉപകരണങ്ങള്‍, നൂറോളം വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ കിറ്റുകള്‍, രണ്ട് കുടുംബങ്ങള്‍ക്ക് സ്നേഹ ഭവനം എന്നീ പദ്ധതികളാണ് ചാവറ സാന്ത്വനം ഏഴാം ഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്.