അശോകപുരം ഗ്രൗണ്ട് കൈമാറാൻ ലാൻഡ് ബോർഡ് നിർദേശം വീണ്ടും
1479982
Monday, November 18, 2024 5:05 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി അപേക്ഷകർക്ക് അശോക ഗ്രൗണ്ട് അനുവദിക്കണമെന്ന നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് ലാൻഡ് ബോർഡ് വീണ്ടും കത്തയച്ചു. ലൈഫ് പദ്ധതി ആക്ഷൻ കമ്മിറ്റി കൺവീനർ നാരായണൻ കുട്ടിയുടെ പരാതിയിലാണ് വീണ്ടും നിർദേശം നൽകിയത്.
ആലുവ - മൂന്നാർ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന അശോക ഗ്രൗണ്ട് ലൈഫ് ഭവന പദ്ധതിയ്ക്കായി വിനിയോഗിക്കണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ലാൻഡ് ബോർഡ് ആവശ്യപ്പെട്ടതാണ്. ചൂർണിക്കര വില്ലേജിൽ ബ്ലോക്ക്-34, സർവെ നമ്പർ 533-ൽ സ്ഥിതി ചെയ്യുന്ന അശോക ഗ്രൗണ്ട് വിട്ടുകൊടുക്കാനുള്ള നടപടികൾ റവന്യൂ വകുപ്പ് എടുത്തില്ല.
ഇതിനെതിരെ ആക്ഷൻ കൗൺസിൽ ലാൻഡ് ബോർഡിന് പരാതി നൽകുകയായിരുന്നു. ഭൂരഹിതർക്ക് അടിയന്തിരമായി സ്ഥലം പതിച്ചു നൽകണമെന്ന നിർദേശമാണ് ലാൻഡ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി പട്ടികയിലുള്ള കുടുംബങ്ങളിൽ ഭൂരഹിതരായവർക്കാണ് ഗുണം ലഭിക്കുക.
32 വർഷം മുമ്പ് ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ മുട്ടം മേഖലയിൽ ദേശീയ പാതയ്ക്ക് വീതി കൂട്ടിയപ്പോൾ വീട് നഷ്ടപ്പെട്ടവരെ പാർപ്പിക്കാൻ അനുവദിച്ച സ്ഥലമാണിത്. അന്ന് വീട് നഷ്ടപ്പെട്ട 104 കുടുംബങ്ങളിൽ 32 കുടുംബങ്ങളെയാണ് അശോകപുരത്ത് പുനരധിവസിപ്പിച്ചത്. ബാക്കി സ്ഥലമാണ് അശോക ഗ്രൗണ്ട് എന്ന പേരിൽ ഒഴിച്ചിട്ടത്. അശോക ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തോട് ചേർന്ന് സ്ഥലം കിടന്നിരുന്നത് കൊണ്ടാണ് ഗ്രൗണ്ടിന് ഇതേ പേര് ലഭിച്ചത്. എന്നാൽ ചൂർണിക്കര ഗ്രാമപഞ്ചായത്തിന് ഒരേക്കർ അഞ്ച് സെന്റ് വിസ്തൃതിയുളള അശോക ഗ്രൗണ്ട് കളി സ്ഥലമായി നിലനിർത്തണമെന്നാണ് താത്പര്യം.
മാറി മാറി വരുന്ന സർക്കാരുകൾക്ക് മുന്നിൽ ചൂർണിക്കര പഞ്ചായത്ത് ഈ വിഷയം ഉന്നയിച്ചെങ്കിലും റവന്യൂ വകുപ്പ് മിച്ചഭൂമി വിട്ടു കൊടുക്കാൻ തയാറായില്ല.
ഒന്നര കിലോമീറ്റർ ദൂരത്തിൽ കൊടികുത്തിമലയിൽ 52 സെന്റ് പുറംമ്പോക്ക് ഭൂമി ചൂർണിക്കര ഗ്രാമപഞ്ചായത്തിന് ഉണ്ട്. അത് കളിസ്ഥലമായി ഉപയോഗിക്കുന്നുമുണ്ട്. അതിനാൽ പുനരധിവാസത്തിനായി നീക്കിവച്ച അശോക ഗ്രൗണ്ട് ലൈഫ് അപേക്ഷകർക്ക് അനുവദിക്കണമെന്നാണ് ലൈഫ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. അതേ സമയം ലാൻഡ് ബോർഡ് അടിയന്തിര നടപടികൾ ആവശ്യപ്പെട്ടതോടെ അവസാനവട്ട സർവേ നടത്തി സ്ഥലം കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ആലുവ താലൂക്ക് ഓഫീസ്. നേരത്തേ നടത്തിയ സർവേ വിലയിരുത്തി റിപ്പോർട്ട് പുതുക്കുമെന്ന് ആക്ഷൻ കൗൺസിലിനെ താലൂക്ക് തഹസിൽദാർ ഡിക്സി ഫ്രാൻസിസ് അറിയിച്ചു.
സർക്കാരിന്റെ 1964 ലെ ഭൂവിനിയോഗ ചട്ട പ്രകാരം "ഭൂരഹിതർ ഇല്ലാത്ത കേരളം" എന്ന പദ്ധതിയിൻ കീഴിൽ വരുന്ന സ്ഥലമാണ് അശോക ഗ്രൗണ്ട്. അതിനാൽ മറ്റ് പദ്ധതികൾക്ക് കൊടുക്കാനാകില്ലെന്ന് സർക്കാർ പലവട്ടം ചൂർണിക്കര പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്.