കല്ലൂർക്കാട് പഞ്ചായത്തിൽ കമ്മിറ്റി ബഹിഷ്കരിച്ച് സത്യഗ്രഹം
1478366
Tuesday, November 12, 2024 5:07 AM IST
കല്ലൂർക്കാട്: പഞ്ചായത്തിലെ കോണ്ഗ്രസ് ഭരണസമിതിയംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് സത്യഗ്രഹം നടത്തി. രണ്ടാം വാർഡിൽ ഉൾപ്പെടുന്ന തേനി സംസ്ഥാന പാതയോരത്തെ കൃഷിയിടത്തിൽ മാലിന്യം നിക്ഷേപിച്ച് ഒരു മാസമായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മുൻ പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കരയുടെ നേതൃത്വത്തിൽ ബഹിഷ്കരണവും സത്യഗ്രഹവും നടത്തിയത്. പഞ്ചായത്ത് കമ്മിറ്റിയിൽ ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതായും പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി, സ്ഥിരംസമിതി അധ്യക്ഷരായ സണ്ണി സെബാസ്റ്റ്യൻ, ഡെൽസി ലൂക്കാച്ചൻ എന്നിവരും സത്യഗ്രഹത്തിൽ പങ്കെടുത്തു.
കോണ്ഗ്രസ് കല്ലൂർക്കാട് മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ്, യുഡിഎഫ് മണ്ഡലം ചെയർമാൻ ബൈജി ആത്രശേരിയിൽ, മുൻ മണ്ഡലം പ്രസിഡന്റ് ജയിംസ് പുൽപ്പറന്പിൽ, മഹിള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിജിത സുബാഷ്, ബിജു ആഗസ്തി, തോമസ് മംഗലാമടം എന്നിവർ സത്യഗ്രഹ സമരത്തിന് പിന്തുണ നൽകി.
ഇതിനിടെ മാലിന്യ നിക്ഷേപത്തിലെ തെളിവിന്റെ അടിസ്ഥാനത്തിൽ ഏഴ് ദിവസത്തിനകം മാലിന്യം നീക്കി പഞ്ചായത്തിൽ 70,000 രൂപ പിഴ അടയ്ക്കണമെന്ന് പാലാരിവട്ടം ജൂബിലിയന്റ് ഫുഡ് വർക്ക്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നോട്ടീസ് നൽകിയതായും അറിയുന്നു. എൽഡിഎഫ് അംഗങ്ങളും യോഗം ബഹിഷ്കരിച്ചതോടെ ക്വോറം തികയാത്തതിനാൽ പഞ്ചായത്ത് സമിതി ചേർന്നില്ല.