കേരള സ്കൂൾ കായികമേള : തക്കുടു വേഷത്തിൽ വൈബാണ് ജിഷ്ണു മാഷും കൂട്ടുകാരും
1478151
Monday, November 11, 2024 4:10 AM IST
കൊച്ചി: കേരള സ്കൂൾ കായികമേള വേദികളിലെത്തുന്നവർക്ക് ഭാഗ്യചിഹ്നമായ തക്കുടുവെന്ന അണ്ണാറക്കണ്ണനെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. കുട്ടികൾക്ക് കൈ കൊടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും ഗ്രൗണ്ടിലെന്പാടും നടന്നുനീങ്ങുന്ന തക്കുടു വേഷധാരി ഒരു കായികാധ്യാപകൻ ആണെന്ന് അറിയുമ്പോൾ കാഴ്ചക്കാർക്ക് കൗതുകമേറും.
കായികാധ്യാപകനായ തിരുവനന്തപുരം തിരുമല സ്വദേശി എ. ആർ. ജിഷ്ണുവും മൂന്നു സുഹൃത്തുക്കളുമാണ് തക്കുടു വേഷത്തിൽ ഗ്രൗണ്ടിൽ എത്തുന്നത്. കായികാധ്യാപികയായ തിരുവനന്തപുരം മുട്ടത്തറ സ്വദേശിനി അശ്വനി ആനന്ദ്, പേയാട് സ്വദേശി എം. ആദിത്യൻ, വെള്ളനാട് സ്വദേശിനി വി.ആർ. സനൂഷ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
തിരുവനന്തപുരം യോഷിസ് ഗ്രൂപ്പിലെ പ്രത്യേക പരിശീലകനായ ജിഷ്ണു ശ്രീശ്രീ രവിശങ്കർ സ്കൂളിലും ബിപിഎം സ്കൂളിലും ആർച്ചറി, അത്ലറ്റിക്സ് കോച്ചാണ്. തിരുവനന്തപുരത്ത് നടന്ന സാഫ് കപ്പിനു മുന്നോടിയായുള്ള റാലിയിൽ ഭാഗ്യചിഹ്നമായ സിംഹത്തിന്റെ വേഷത്തിലെത്തി ജിഷ്ണു മാഷ് കാഴ്ചക്കാരുടെ മനം കവർന്നിരുന്നു. സിആർപിഎഫ് ഫുട്ബോൾ ടൂർണമെന്റിലും ഭാഗ്യചിഹ്നമായി എത്തി.
മണക്കാട് ഗവ. വി ആൻഡ് എച്ച്എസ്എസിലെ ത്രോ ബോൾ പരിശീലകയായ അശ്വനിയും ഐടിഐ വിദ്യാർഥിനിയായ സനൂഷയും അഞ്ചു വർഷം മുമ്പ് കായിക മേളയിലാണ് ജിഷ്ണുവിന്റെ സുഹൃത്തുക്കളായത്. സനൂഷയുടെ അമ്മ വിജയകുമാരി പൂജപ്പുരയിൽ തയ്യൽ കട നടത്തുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്എസ്ഇ വിഭാഗം ഉദ്യോഗസ്ഥനായ വിനോജ് സുരേന്ദ്രനാണ് തക്കുടു എന്ന അണ്ണാറക്കണ്ണനെ രൂപകല്പന ചെയ്തത്. വസ്ത്രത്തിനുള്ളിലെ നിൽപ്പ് അൽപ്പം കഠിനമാണെങ്കിലും തങ്ങൾ ഹാപ്പിയാണെന്ന് തക്കുടുസംഘം ഒരേ സ്വരത്തിൽ പറയുന്നു.