പാനിന്റെ മറവിൽ കഞ്ചാവ് വില്പന; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
1478150
Monday, November 11, 2024 4:10 AM IST
പെരുമ്പാവൂർ: പാൻമസാല കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ ഇതരസംസ്ഥാനക്കാരൻ എക്സൈസ് പിടിയിലായി. ചാച്ച ബുട്ട എന്ന വിളിപ്പേരുള്ള സൺഡേ ചാച്ച എന്നറിയപ്പെടുന്ന ആസം സ്വദേശി ജാക്കിർ ഹുസൈനെ(47)യാണ് എക്സൈസ് സംഘം അറസ്റ്റ്
ചെയ്തത്. പെരുമ്പാവൂർ മാർക്കറ്റിലായിരുന്നു കച്ചവടം. ഇന്നലെ പുലർച്ചെ രണ്ടോടെ ഒക്കലിൽ നിന്നാണ് പ്രതി പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നു 3.157 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പെരുമ്പാവൂർ മാർക്കറ്റിൽ പ്രതിക്ക് സ്വന്തമായുള്ള പാൻ ഷോപ്പിലാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഞായറാഴ്ചകളിൽ കച്ചവടം നടത്തിയിരുന്നതിനാലാണ് സൺഡേ ചാച്ച എന്നു വിളിപ്പേര് വീണത്. അസമിൽനിന്ന് കൊണ്ടുവരുന്ന മുന്തിയയിനം കഞ്ചാവാണ് വിറ്റഴിക്കുന്നത്. എക്സൈസിന്റെയും പോലീസിന്റെയും കണ്ണിൽ പെടാതിരിക്കാൻ പ്രതി കുടുംബവുമായി പെരുമ്പാവൂരിൽ പല വീടുകളിലും മാറിമാറിയാണ് താമസിച്ചിരുന്നത്.
സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സലിം യൂസഫ്, പ്രിവന്റീവ് ഓഫീസർ എസ്. ബാലു, നവാസ്, അരുൺ ലാൽ, സുഗത ബീവി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.