സ്പെഷാലിറ്റി വയോജനകേന്ദ്ര പദ്ധതി കെട്ടിടം പാതിവഴിയിൽ
1478109
Monday, November 11, 2024 3:29 AM IST
ബോബൻ ബി. കിഴക്കേത്തറ
ആലുവ: സർക്കാർ മേഖലയിലെ ആദ്യ സ്പെഷാലിറ്റി വയോജനകേന്ദ്രമെന്ന പേരിൽ നിർമാണം ആരംഭിച്ച കെട്ടിടം പാതിവഴിയിൽ. അഞ്ച് വർഷം മുമ്പ് ആറുകോടി രൂപ ചെലവ് പ്രഖ്യാപിച്ച് തുടങ്ങിയ പദ്ധതിയാണ് വയോജന ദിനങ്ങൾ അഞ്ചെണ്ണം കടന്നു പോയിട്ടും മൂന്ന്നിലയുടെ കോൺക്രീറ്റ് കെട്ടിടമായി നിലനിൽക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയ്ക്ക് ആറു കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. 2019 ജനുവരി 14ന് സിനിമാ താരം നിവിൻ പോളിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. തൊഴിൽ തർക്കം കാരണം പൈലിംഗ് ഏതാനും മാസം വൈകിയ ശേഷമാണ് നിർമാണം ആരംഭിച്ചത്.
ഇപ്പോൾ മൂന്ന് നിലയുടെ നിർമ്മാണ ശേഷം പദ്ധതി നിർത്തിവച്ചിരിക്കുകയാണ്. ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തായി ഈഎസ്ഐ റോഡിലാണ് പദ്ധതി പ്രദേശം.
കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ നിർമാണം നടക്കുന്നില്ല. ചുറ്റുമതിലുകൾ ഇടിഞ്ഞു പോയതും ഉയരം കുറവായതും കാരണം മാലിന്യം തള്ളലും വൻതോതിലായി. മാലിന്യം കുന്നുകൂടിയതോടെ തെരുവുനായകളുടെ അഭയകേന്ദ്രമായി ഈ മൂന്ന് നില കെട്ടിടം മാറി. ധാരാളം പട്ടിക്കുട്ടികളേയും ഇവിടെ കാണാം. കഴിഞ്ഞ ദിവസം ഈഎസ്ഐ റോഡിലൂടെ പോയ ബൈക്ക് യാത്രികനേയും കാൽനടക്കാരിയേയും തെരുവുനായ ഓടിച്ചിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന്
ആലുവ: നിർദ്ദിഷ്ട സ്പെഷാലിറ്റി വയോജനകേന്ദ്ര പദ്ധതിയുടെ കെട്ടിട നിർമാണം ഉടൻ പുന:രാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ "ദീപിക' യോട് പറഞ്ഞു. അനുവദിച്ച തുക പദ്ധതിയ്ക്ക് മതിയാകുന്നില്ല. ഉടനെ രണ്ട് കോടി രൂപ അനുവദിക്കുമെന്നും മനോജ് മൂത്തേടൻ അറിയിച്ചു.