തൊഴിലുറപ്പ് പദ്ധതി: ഓൺലൈൻ ഹാജർ രേഖപ്പെടുത്താനാകുന്നില്ലെന്ന്
1478013
Sunday, November 10, 2024 7:20 AM IST
ആലുവ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർക്ക് ഓൺലൈൻ ഹാജർ രേഖപ്പെടുത്താനാകുന്നില്ലെന്ന് പരാതി.
നാഷണൽ മൊബെെൽ മോണിറ്ററിംഗ് സിസ്റ്റം എന്ന മൊബൈൽ ആപ്പ് പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തൊഴിലുറപ്പ് കമ്മീഷണർക്ക് ചൂർണ്ണിക്കര പഞ്ചായത്ത് വൈസ്പ്രസിഡൻറ് ബാബു പുത്തനങ്ങാടി പരാതി നൽകി.
തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലത്ത് എത്തിയ ശേഷം നാഷണൽ മൊബെെൽ മോണിറ്ററിംഗ് സിസ്റ്റം മുഖേന വിവരങ്ങൾ അപ്ലോഡ് ചെയ്താൽ മാത്രമേ തൊഴിൽ ആരംഭിക്കുവാൻ സാധിക്കൂ. വർക്ക്സൈറ്റുകളിലെ തൊഴിലാളികളുടെ തത്സമയ ജിയോ ടാഗ് ചെയ്ത ഫോട്ടോ സഹിതം എടുത്ത് അപ്ലോഡ് ചെയ്യണം. ഇത് ചെയ്യാതെ ജോലി ചെയ്താൽ പ്രതിഫലം ലഭിക്കുകയുമില്ല.
ജോലി ചെയ്യുന്ന സ്ഥലത്ത് ഇന്റർനെറ്റ് സ്പീഡ് ഇല്ലെന്നും ശരിയായ രീതിയിൽ ആപ്പ് പ്രവർത്തിക്കുന്നില്ലെന്നും തൊഴിലുറപ്പ് തൊഴിലാളികൾ പരാതിപ്പെട്ടു. രാവിലെ രണ്ടും മൂന്നും മണിക്കൂർ വൈകിയാണ് നെറ്റ് വർക്ക് ലഭിക്കുന്നത്. ഇതുകാരണം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്. അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.