പോത്താനിക്കാട് ശ്മശാനത്തിന് ചുറ്റുമതിൽ നിർമിക്കാൻ അനുമതി
1467094
Thursday, November 7, 2024 1:24 AM IST
പോത്താനിക്കാട് : പോത്താനിക്കാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ശ്മശാനത്തിന് ചുറ്റും മതിൽ നിർമിക്കുന്നതിന് ജില്ല ഭരണകൂടം അനുമതി നൽകി. വിഷയം ചൂണ്ടിക്കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ കളക്ടർക്ക് നൽകിയ കത്തിനെ തുടർന്നാണ് ജില്ല ഭരണകൂടത്തിന്റെ നടപടി. ശ്മശാനത്തിന്റെ പോരായ്മകൾ പരിസരവാസികളെയും പൊതുജനങ്ങളെയും പ്രയാസത്തിലാക്കുന്ന സ്ഥിതിയാണ് ഇപ്പോഴത്തെതെന്ന് എംഎൽഎ പറഞ്ഞു. പോത്താനിക്കാട് പഞ്ചായത്തിനാണ് ചുറ്റുമതിൽ നിർമിക്കുന്നതിന് കളക്ടർ നിരാക്ഷേപ പത്രം നൽകിയിട്ടുള്ളത്. പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള ശ്മശാനമാണ് ഇത്. കൃത്യമായ പരിപാലനം ഇല്ലാത്തതിനാലാണ് ശ്മശാനം കാടു കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയത്.
വാർഡംഗം ജിനു മാത്യുവും പരിസരവാസികളായ കുട്ടികളും വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എംഎൽഎ കളക്ടർക്ക് കത്തു നൽകിയത്. ചുറ്റുമതിൽ നിർമിച്ചിട്ടില്ലാത്തതിനാൽ ഇഴജന്തുക്കൾ സമീപത്തുള്ള വീടുകളിലേക്ക് പ്രവേശിക്കുന്ന അവസ്ഥയിലാണ്. കുട്ടികൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഇവിടെയുണ്ടെന്ന് എംഎൽഎ കത്തിൽ ചൂണ്ടികാട്ടിയിരുന്നു .
33 സെന്റ് സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്.
ശ്മശാനത്തിന് 50 മീറ്റർ ചുറ്റളവിൽ നിരവധി വീടുകളും ആരാധനാലയവുമുണ്ട്. ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഉത്തരവിൽ ഉണ്ട്. നിലവിൽ റവന്യു വകുപ്പിന്റെ അധീനതയിലാണ് ഭൂമി. ഇതു കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിന് കോതമംഗലം തഹസീൽദാർക്ക് കളക്ടർ നിർദേശം നൽകി. പദ്ധതിക്കായി തുക അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ ആരംഭിക്കുമെന്ന് വാർഡ് അംഗം ജിനു മാത്യു അറിയിച്ചു.