നെഞ്ച് തുറക്കാതെ പള്‍മണറി വാല്‍വ് മാറ്റിവച്ച് രാജഗിരിയിലെ ഡോക്ടര്‍മാര്‍
1467086
Thursday, November 7, 2024 1:24 AM IST
കൊച്ചി : മാലിദ്വീപ് സ്വദേശിനിയായ 18 കാരിക്ക് ശസ്ത്രക്രിയ കൂടാതെ പള്‍മണറി വാല്‍വ് നൂതന രീതിയിലൂടെ മാറ്റിവച്ച് രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഗുരുതരമായ ശ്വാസതടസം അലട്ടിയിരുന്ന ഐഷത്ത് നാദുഹ എന്ന യുവതിക്കാണ് ട്രാന്‍സ്കത്തീറ്റര്‍ പള്‍മണറി വാല്‍വ് റീപ്ലേസ്മെന്റിലൂടെ രോഗമുക്തി ലഭിച്ചത്. ഹൃദ്രോഗവിഭാഗം മേധാവി ഡോ. സുരേഷ് ഡേവിസിന്റെ നേതൃത്വത്തിലൂളള സംഘമാണ് അതിവിദഗ്ധമായി വാല്‍വ് മാറ്റിവച്ചത്.
അശുദ്ധ രക്തം ശ്വാസകോശത്തില്‍ എത്തിക്കാന്‍ സഹായിക്കുന്ന പള്‍മണറി വാല്‍വില്‍ ഉണ്ടായ തകരാറാണ് ഐഷത്തിന്റെ ഹൃദയത്തിലേക്ക് രക്തം തിരികെ ഒഴുകാന്‍ ഇടയാക്കിയത് . ഹൃദയം തുറന്നുളള ശസ്ത്രക്രിയയിലൂടെ വാല്‍വ് മാറ്റിവയ്ക്കുന്നതാണ് സാധാരണ ചികിത്സാരീതി. എന്നാല്‍ ഐഷത്ത് ചെറുപ്പത്തില്‍ ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനാൽ സര്‍ജറി ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകള്‍ മാത്രമെടുത്ത നടപടിക്രമത്തിലൂടെ ഡോക്ടര്‍മാര്‍ വാല്‍വ് മാറ്റിവച്ചു.
സുഖം പ്രാപിച്ച ഐഷത്ത് മൂന്നു ദിവസത്തിനുശേഷം ആശുപത്രി വിട്ടു. ആയോട്ടിക് വാല്‍വ് മാറ്റിവയ്ക്കുന്നതിനായി ട്രാന്‍സ്കത്തീറ്റര്‍ രീതി അവലംബിക്കാറുണ്ടെങ്കിലും പള്‍മണറി വാല്‍വ് മാറ്റിവയ്ക്കുന്നതിന് ഈ രീതി ഉപയോഗിക്കുന്നത് അപൂർവമാണെന്ന് ഡോ. സുരേഷ് ഡേവിസ് പറഞ്ഞു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.ജേക്കബ് ജോര്‍ജ്, ഡോ. ബ്ലസന്‍ വര്‍ഗീസ്, ഡോ. കെ.വിഷ്ണു എന്നിവരും ചികില്‍സയില്‍ പങ്കാളികളായി.