അങ്കമാലി അര്‍ബന്‍ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം
1466869
Wednesday, November 6, 2024 2:05 AM IST
അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘം ഇ 1081 ഭരണസമിതിയെ കേരള സഹകരണ നിയമം 32 (1) പ്രകാരം പിരിച്ചുവിട്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവ്. സംഘത്തില്‍ നടന്ന അഴിമതിയും സാമ്പത്തി തട്ടിപ്പും വായ്പാ തട്ടിപ്പും സംബന്ധിച്ച് സഹകരണ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഭരണസമിതി പിരിച്ചുവിട്ടത്.
സംഘത്തിലെ വായ്പാ അപേക്ഷകളില്‍ പലതിലും ജാമ്യകടപ്പത്രം, വസ്തുവിന്റെ മൂല്യനിർണയം, ഗഹാന്, നിയമപരമായ അഭിപ്രായം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടില്ല.
2008 മുതല്‍ സംഘത്തില്‍ നിന്നു നല്‍കിയിട്ടുള്ള പല വായ്പകളിലും പലിശ ഉള്‍പ്പെടെ പുതുക്കിയിട്ടുള്ളതായും വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ് മാത്രം ഉള്‍ക്കൊള്ളിച്ചും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുടെ പേരിലും ഒരേ വസ്തുവിന്മേല് ഒരേ വീട്ടില്‍ താമസിക്കുന്ന നാലുപേരുടെ വരെ പേരിലും മരണപ്പെട്ട വ്യക്തിയുടെ പേരിലുമൊക്കെ വായ്പ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് താമസിച്ചിരുന്ന വ്യക്തിക്ക് പ്രവാസ കാലയളവില്‍ നിലവിലിരിക്കുന്ന വായ്പ, പലിശ സഹിതം പുതുക്കുകയും പുതിയ വ്യക്തികള്‍ക്ക് വ്യാജഅംഗത്വം നല്കി വായ്പ നല്‍കിയിട്ടുളളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘത്തില്‍ 2024 മാര്‍ച്ച് 31 വരെ 120,39,43,913 രൂപ വായ്പ ബാക്കി നില്‍പ്പുള്ളതില്‍ 96,74,10,556 രൂപയുടെ വായ്പകള്‍ വ്യാജമാണ്.
വായ്പകളുടെ ഈടുവസ്തുവില്‍ നിന്ന് വായ്പാ തുകയുടെ 25 ശതമാനം മാത്രമേ ഈടാക്കാൻ സാധിക്കുകയുള്ളൂ എന്നു ബോധ്യപ്പെട്ടിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാജ വായ്പകളില്‍ സംഘത്തിന് യാതൊരു വിധത്തിലും ഈടാക്കിയെടുക്കാന്‍ സാധിക്കാത്ത 33,82,24,556 രൂപയുടെ വായ്പകളുണ്ട്.
സംഘത്തില്‍ നിന്നും പരസ്പര ജാമ്യ വ്യവസ്ഥയില്‍ നല്‍കിയിട്ടുള്ള 1,55,65,778 രൂപയുടെ വിവിധ വായ്പകളുടെ യാതൊരു രേഖകളും പരിശോധനയ്ക്ക് ലഭ്യമായിട്ടില്ല.
2019-20 മുതല്‍ 2022-23 വരെ പുതുക്കി നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദേശം പാലിക്കാതെ റിബേറ്റ് നല്‍കുക വഴി 2,52,83,454 രൂപ ചെലവഴിച്ചിട്ടുണ്ട്. സംഘത്തിന്റെ എംഡിഎസ് പരിശോധിച്ചതില്‍ 1,37,35,000 രൂപ യാതൊരു ഈടു വ്യവസ്ഥയും പാലിക്കാതെ നല്‍കിയിട്ടുണ്ട്.
സംഘത്തിന്റെ സ്വന്തം പേരില്‍ അങ്കമാലി മുനിസിപ്പാലിറ്റിയിലുള്ള 6.06 ആര് വസ്തുവും കാലടി നീലിശ്വരത്തുള്ള 0.85 ആര് വസ്തുവും ഈടു നല്കി കേരള ബാങ്കിന്റെ അങ്കമാലി ശാഖയില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളതില് 1,67,77,934 രൂപ ബാധ്യതയുണ്ട്.
മാര്‍ച്ച് 31നു 106,55,71,160 രൂപ നിക്ഷേപ ബാക്കിയായുണ്ട്. സംഘത്തിന് നിലവില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘം ഭരണസമിതി അംഗങ്ങളില്‍ നിക്ഷിപ്തമാണെന്നും ഉത്തരവില്‍ പറയുന്നു.
പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലേക്ക് എം.കെ. വര്‍ഗീസ്, എം.പി. മാര്ട്ടിന്, ഡെയ്സി ജെയിംസ് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. എം.കെ. വര്‍ഗീസാണ് അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍.